വല്ല്യേട്ടന്‍ 1880 തവണ സംപ്രേഷണം ചെയ്തുവെന്ന സംവിധായകന്റെ വാദം തെറ്റ്: കൈരളി ടി.വി സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന്‍
Entertainment
വല്ല്യേട്ടന്‍ 1880 തവണ സംപ്രേഷണം ചെയ്തുവെന്ന സംവിധായകന്റെ വാദം തെറ്റ്: കൈരളി ടി.വി സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th November 2024, 8:51 pm

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി 2000ത്തില്‍ റിലീസായ ചിത്രമാണ് വല്ല്യേട്ടന്‍. അതുവരെയുണ്ടായിരുന്ന പല കളക്ഷന്‍ റെക്കോഡും തകര്‍ത്ത ചിത്രമായിരുന്നു വല്ല്യേട്ടന്‍. 24 വര്‍ഷത്തിന് ശേഷം 4k സാങ്കേതികവിദ്യയുടെ സഹായത്തോടെ റീ റിലീസിന് ഒരുങ്ങുകയാണ്. റീ റിലീസിന് മുമ്പുള്ള പ്രൊമോഷനില്‍ ചിത്രത്തിന്റെ ടി.വി. സ്‌ക്രീനിങ്ങിനെക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസും നിര്‍മാതാവ് ബൈജു അമ്പലക്കരയും പരാമര്‍ശിച്ചിരുന്നു.

കൈരളി ചാനലിന് അബദ്ധത്തില്‍ സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് കൊടുത്തതാണെന്ന് നിര്‍മാതാവും, 1900 തവണ ചിത്രം ടി.വി. സ്‌ക്രീനിങ് നടത്തിയിട്ടുണ്ടെന്ന് സംവിധായകനും പറഞ്ഞിരുന്നു. ഇതിനെതിരെ സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൈരളി ടി.വിയുടെ സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന്‍. റീ റിലീസിന്റെ പ്രൊമോഷന് വേണ്ടി രണ്ടുപേരും ചാനലിനെ ഇകഴ്ത്തി ജനശ്രദ്ധ നേടുകയാണെന്ന് വെങ്കിട്ടരാമന്‍ പറഞ്ഞു.

ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് റൈറ്റ് വകയില്‍ പല തവണയായി 40 ലക്ഷത്തോളം രൂപ നിര്‍മാതാവിന് നല്‍കിയിട്ടുണ്ടെന്നും അന്നത്തെ കാലത്ത് അത് വലിയൊരു തുകയായിരുന്നെന്നും വെങ്കിട്ടരാമന്‍ കൂട്ടിച്ചേര്‍ത്തു. കുറച്ചുകാലം കാത്തിരുന്നെങ്കില്‍ രണ്ട് കോടി വരെ കിട്ടിയേനെ എന്ന് നിര്‍മാതാവ് പറഞ്ഞിരുന്നെന്നും എന്നാല്‍ അത്രക്കൊന്നും കിട്ടാന്‍ സാധ്യതയില്ലെന്നും വെങ്കിട്ടരാമന്‍ പറയുന്നു.

വല്ല്യേട്ടന്‍ 1880 തവണ സംപ്രേഷണം ചെയ്തുവെന്നും നിര്‍മാതാവും 1900 തവണ സംപ്രേഷണം ചെയ്തുവെന്ന സംവിധായകന്റെയും വാദം തെറ്റാണെന്നും വെങ്കിട്ടരാമന്‍ പറഞ്ഞു. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ് എന്നീ സിനിമകള്‍ ഏഷ്യാനെറ്റ് കാണിച്ചതു പോലെയേ വല്ല്യേട്ടനും സംപ്രേഷണം ചെയ്തിട്ടുള്ളൂവെന്നും അമിതമായി വല്ല്യേട്ടന്‍ കാണിക്കുന്നുവെന്നത് കൈരളിയുടെ ശത്രുക്കള്‍ ഉണ്ടാക്കിയ പ്രതീതിയാണെന്നും വെങ്കിട്ടരാമന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ റീ റിലീസിങ് നടക്കാന്‍ പ്രധാന കാരണം കൈരളി ആ ചിത്രത്തെ ജനപ്രിയമാക്കി നിലനിര്‍ത്തിയ രീതിയും അതിനായി നല്‍കിയ പരസ്യങ്ങളുമാണെന്ന് വെങ്കിട്ടരാമന്‍ പറഞ്ഞു. അക്കാര്യം തിരിച്ചറിയാന്‍ അല്പമെങ്കിലും വിവേകം അണിയറപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ടതായിരുന്നുവെന്ന് വെങ്കിട്ടരാമന്‍ കൂട്ടിച്ചേര്‍ത്തു. ട്രോളന്മാര്‍ക്കൊപ്പം നിന്ന് അവര്‍ സ്വയം ട്രോള്‍ കഥാപാത്രങ്ങളായി മാറിയെന്നും റീ റിലീസിന്റെ പ്രൊമോഷന് വേണ്ടി ഒരു ദൃശ്യമാധ്യമത്തെ ഇകഴ്ത്തണമായിരുന്നോ എന്നും വെങ്കിട്ടരാമന്‍ ചോദിക്കുന്നുണ്ട്.

Content Highlight: Kairali TV senior director replied to Shaji Kailas and Baiju Ambalakkara’s statement about Valliettan movie