| Wednesday, 29th July 2020, 5:15 pm

ബ്രിട്ടാസിന് പിന്നാലെ കൈരളി പ്രൈം ടൈം ചര്‍ച്ച നയിക്കാന്‍ ശരത് ചന്ദ്രനും; ആരോപണങ്ങള്‍ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് ചാനലില്‍ അഴിച്ചുപണി. ന്യൂസ് 18 ചാനല്‍ വിട്ട് കൈരളിയിലെത്തുന്ന ശരത് ചന്ദ്രന്‍ ചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്ററായി ചുമതലയേല്‍ക്കും.

എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് എം.രാജീവ് രാജി വച്ചു. ശരത് ചന്ദ്രന്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ എക്സിക്യുട്ടീവ് എഡിറ്ററായി ചുമതലയേറ്റെടുക്കും.

അതേസമയം എന്‍.പി ചന്ദ്രശേഖരന്‍ ന്യൂസ് ഡയറക്ടറായി തുടരും നേരത്തെ കൈരളിയില്‍ അവതാരകനായിരുന്നു ശരത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലായിരിക്കെയാണ് ചാനലിന്റെ എഡിറ്റോറിയല്‍ ടീമില്‍ മാറ്റമെന്നത് ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ബഹിഷ്‌കരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇടപെടലിലൂടെ സര്‍ക്കാര്‍ നയങ്ങളും പാര്‍ട്ടി വിശദീകരണവും ജനങ്ങളിലെത്തിക്കുന്നത് പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ തലപ്പത്തും മാറ്റം വരുന്നത്.

സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും കേന്ദ്രീകരിച്ച് നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലെ ആക്രമണം പ്രതിരോധിക്കാന്‍ കൈരളി ന്യൂസിനെയും ദേശാഭിമാനിയെയും സമൂഹമാധ്യമങ്ങളെയും കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് സി.പി.ഐ.എം സെക്രട്ടറിയേറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കൈരളി ചാനല്‍ മാനേജിംഗ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് പ്രൈം ടൈം ചര്‍ച്ചകളുടെ അവതരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ജോണ്‍ ബ്രിട്ടാസ് പ്രൈം ടൈം അവതാരകനായി എത്തിയതോടെ ബാര്‍ക് റേറ്റിംഗിലും കൈരളി നില മെച്ചപ്പെടുത്തിയിരുന്നു.

നേരത്തെ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് പിന്നിലായിരുന്ന കൈരളി ന്യൂസ് ജോണ്‍ ബ്രിട്ടാസ് അവതാരകനായതിന് പിന്നാലെ ന്യൂസ് 18, മീഡിയാ വണ്‍ ചാനലുകളെ പിന്നിലാക്കി ജൂലൈ 18ന് അവസാനിച്ച ആഴ്ചയില്‍ വളര്‍ച്ചാ നിരക്കില്‍ അഞ്ചാമത് എത്തിയിരുന്നു.

കൈരളിയിലും പിന്നീട് ന്യൂസ് 18 കേരളയിലും പ്രൈം ടൈം ചര്‍ച്ചകള്‍ നയിച്ചിരുന്ന ശരത് ചന്ദ്രനും ഇനി പാര്‍ട്ടി ചാനലിന്റെ ചര്‍ച്ചകളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more