വി. മുരളീധരന്റെ ഔദ്യോഗിക വസതിയില്‍ കൈരളി ന്യൂസിന് പ്രവേശനം നിഷേധിച്ചതായി റിപ്പോര്‍ട്ട്
Gold Smuggling
വി. മുരളീധരന്റെ ഔദ്യോഗിക വസതിയില്‍ കൈരളി ന്യൂസിന് പ്രവേശനം നിഷേധിച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th October 2020, 4:01 pm

ന്യൂദല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ പുതിയ സംഭവവികസങ്ങള്‍ക്ക് പിന്നാലെ ഔദ്യോഗിക വസതിയില്‍ കൈരളി ന്യൂസിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രവേശനം നിഷേധിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിയുടെ പ്രതികരണമെടുക്കാനെത്തിയപ്പോഴാണ് വാര്‍ത്താ സംഘത്തെ ഗേറ്റിന് മുന്നില്‍ സെക്യൂരിറ്റി തടഞ്ഞതെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈരളി ന്യൂസ് ഒഴികെ മറ്റ് മാധ്യമങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ച് പ്രതികരണം നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസിനെയും ഔദ്യോഗിക വസതിയില്‍ പ്രവേശിപ്പിക്കാതെ ഗേറ്റിന് മുന്നില്‍ തടയാനുള്ള നിര്‍ദേശമാണ് സെക്യൂരിറ്റിക്ക് നല്‍കിയിരുന്നതെന്നും കൈരളി ന്യൂസ് ഓണ്‍ലെന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരക്കുള്ളതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി പിന്നാലെ വന്ന മറ്റ് മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കുകയായിരുന്നു.

നേരത്തെ അബുദാബിയില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതായുള്ള വാര്‍ത്തയില്‍ പ്രതികരണമാരാഞ്ഞ കൈരളിയിലെ മാധ്യമപ്രവര്‍ത്തകനെ വി. മുരളീധരന്‍ പരിഹസിച്ചിരുന്നു.

നിങ്ങള്‍ കൈരളിയില്‍ നിന്നല്ലേയെന്നും ഇതിനേക്കാള്‍ വലിയ തമാശ വേറെ ഉണ്ടോ എന്നുമായിരുന്നു മുരളീധരന്‍ മറുപടി നല്‍കിയത്. വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം തേടിയിരുന്നോ എന്ന ചോദ്യത്തിന് അതിന്റെ ഉത്തരമൊക്കെ നിങ്ങള്‍ക്ക് കിട്ടിയില്ലേ എന്നായിരുന്നു മന്ത്രി ആവര്‍ത്തിച്ചത്.

വിശദീകരണം ചോദിച്ചതിനെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ സുഹൃത്തേ നിങ്ങള്‍ ഏത് ചാനലില്‍ നിന്നാണ് എന്നായിരുന്നു മന്ത്രി തിരിച്ചു ചോദിച്ചത്. കൈരളിയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ‘ഓ കൈരളിയണോ വളരെ സന്തോഷം ഇതിനേക്കാള്‍ വലിയ തമാശ വേറെ വേണ്ടല്ലോ. കൈരളിയല്ലേ കേരളത്തിലെ മുഴുവന്‍, ഇന്ത്യയിലെ മുഴുവന്‍ വാര്‍ത്ത ശേഖരിച്ചു കൊടുക്കുന്ന ആള്‍ക്കാര്‍. അപ്പോള്‍ നിങ്ങള്‍ക്ക് എന്നോട് വാര്‍ത്ത ചോദിക്കേണ്ട കാര്യമുണ്ടോ, എന്നായിരുന്നു വി. മുരളീധരന്റെ പരിഹാസം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kairali News, Asianet News V Muralidharan Gold Smuggling