തിരുവനന്തപുരം: കൈരളി, മീഡിയ വണ്‍, മാതൃഭൂമി തുടങ്ങിയ ചാനലുകളുടെ സംപ്രേഷണം തടസ്സപ്പെട്ടു. അപ്‌ലിങ്കില്‍ വന്ന തകരാറുമൂലമാണ് പ്രശ്‌നം നേരിട്ടതെന്നാണ് പറയപ്പെടുന്നത്. ഇതേ തുടര്‍ന്ന് സാറ്റലൈറ്റുമായുള്ള വിനിമയം നിലച്ചതാണ് സംപ്രേഷണം തടസപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റിന്റെയും സംപ്രേഷണം ഇത്തരത്തില്‍ തടസ്സപ്പെട്ടെങ്കിലും അല്‍പ സമയത്തിനകം പൂര്‍വസ്ഥിതിയിലാവുകയായിരുന്നു.
എന്നാല്‍, മീഡിയ വണ്ണിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്നായിരുന്നു മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചത്. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെയും മീഡിയ വണ്ണിന് സംപ്രേക്ഷണത്തിന് വിലക്ക് ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
2020 മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് അന്ന് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്ന കാരണമായിരുന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പി.ആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരുന്നത്.