ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഹോം’ എന്ന സിനിമ സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടും ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലന്‍, കൈനകരി തങ്കരാജ് തുടങ്ങി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുടെ അഭിനയത്തികവ് കൊണ്ടും ഏറെ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ചിത്രം.
ഇപ്പോള്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ റോജിന്‍ തോമസ്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോജിന്‍ ഹോം സിനിമാനുഭവങ്ങളെക്കുറിച്ച് സംസാരിച്ചത്.
ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ അച്ഛന്റെ കഥാപാത്രത്തെ അവതരിപ്പിച്ച കൈനകരി തങ്കരാജ് ഹോം സിനിമയിലെത്തിയ വിശേഷങ്ങള്‍ സംവിധായകന്‍ പറയുന്നു.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്റെ ഫൈനല്‍ ഡ്രാഫ്റ്റ് തയാറാകുന്നതെന്നും അപ്പോഴാണ് ചിത്രത്തിലെ അപ്പാപ്പന്റെ കഥാപാത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് എത്തിയതെന്നും റോജിന്‍ പറയുന്നു.
ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റും അച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയാന്‍ സിനിമയില്‍ അധികസമയം ഇല്ലാതിരിക്കുമ്പോള്‍ തന്നെ ഇവരുടെ ബന്ധത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നെന്ന് സംവിധായകന്‍ പറയുന്നു.
അങ്ങനെയാണ് അപ്പാപ്പന്റെ കഥാപാത്രം ഒലിവര്‍ ട്വിസ്റ്റ് എന്ന പുസ്തകത്തിലെ ഇംഗ്ലീഷ് സംഭാഷണങ്ങള്‍ പറയുന്ന രീതിയിലേക്ക് സിനിമയെ എത്തിച്ചതെന്നും റോജിന്‍ പറഞ്ഞു. 80 വയസ്സിന് മുകളിലുള്ള ഒരു കഥാപാത്രമായത് കൊണ്ട് തന്നെ അത്രയും വയസ്സുള്ള ഒരു നടന് ഇത്തരം സംഭാഷണങ്ങള്‍ പറയാനാകുമോ എന്ന് താന്‍ സംശയിച്ചിരുന്നെന്നും റോജിന്‍ അഭിമുഖത്തില്‍ പറയുന്നു.
”അത്തരത്തില്‍ ഒരു അഭിനേതാവിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ നടന്‍ വിജയ് ബാബുവാണ് കൈനകരി തങ്കരാജിന്റെ പേര് നിര്‍ദേശിച്ചത്,” റോജിന്‍ പറയുന്നു. ഇത്രയും ഇംഗ്ലീഷ് സംഭാഷണങ്ങള്‍ പറയാന്‍ പറ്റുമോ എന്ന് താന്‍ ചോദിച്ചപ്പോള്‍ ഷേക്സ്പിയര്‍ നാടകത്തിലെ സംഭാഷണം പറഞ്ഞ് അദ്ദേഹം തന്നെ ഞെട്ടിച്ചതായും റോജിന്‍ പറഞ്ഞു.
”അദ്ദേഹത്തെ ഞാന്‍ വിളിച്ച് കഥാപാത്രത്തെപ്പറ്റിയൊക്കെ പറഞ്ഞു. എന്നിട്ട് ‘ചേട്ടാ ഒരു പ്രശ്നമുണ്ട്. ഇതിനകത്ത് ചേട്ടന്റെ ഡയലോഗ് മുഴുവന്‍ ഇംഗ്ലീഷാണ്. ചിലപ്പൊ പ്രായമായവര്‍ക്ക് ഓര്‍മക്കുറവ് കൊണ്ടൊക്കെ അത് പറയാന്‍ പറ്റിയെന്ന് വരില്ല. ചേട്ടനിത് പറയാന്‍ പറ്റുമോ’ എന്ന് ചോദിച്ചു.
അപ്പൊ പുള്ളി ‘മോനേ ഞാന്‍ നിന്നോട് ഇപ്പൊ ഒരു ഡയലോഗ് പറയാം’ എന്ന് പറഞ്ഞിട്ട് പുള്ളി കളിച്ച ഒരു ഷേക്സ്പിയര്‍ നാടകത്തിലെ ഒരു ഡയലോഗ് പറഞ്ഞു. 4 വരി വരുന്ന ആ ഡയലോഗ് ഫോണില്‍ കൂടെ അടിപൊളിയായി പറഞ്ഞ് കേള്‍പ്പിച്ചു.” റോജിന്‍ പറയുന്നു.
തങ്കരാജിന്റെ ആ സംഭാഷണം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും സംവിധായകന്‍ അഭിമുഖത്തില്‍ പറയുന്നു. ”ഭയങ്കര ബ്രില്ല്യന്റ് ആയിരുന്നു പുള്ളിയുടെ നരേഷന്‍. ഞാന്‍ അതില്‍ തന്നെ വീണു,” അദ്ദേഹം പറഞ്ഞു.
കൊവിഡ് സമയമായിരുന്നത് കൊണ്ട് തന്നെ ഷൂട്ടിംഗ് സമയത്ത് കൈനകരി തങ്കരാജിന് എല്ലാവരും പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നെന്നും ഹോം സംവിധായകന്‍ പറയുന്നു. ”ഒരു കുട്ടിയെ കെയര്‍ ചെയ്യുന്ന പോലത്തെ കെയറിങ്ങ് അദ്ദേഹത്തിന് കൊടുത്തിരുന്നു. അദ്ദേഹം പ്രായമുള്ള ഒരാളായത് കൊണ്ട് തന്നെ ഈ പടത്തില്‍ അപ്പച്ചന്റെ കഥാപാത്രത്തെ എങ്ങനെ കെയര്‍ ചെയ്യുന്നോ അതുപോലെ തന്നെയാണ് ഷൂട്ടിംഗ് സെറ്റിലും അദ്ദേഹത്തെ കെയര്‍ ചെയ്തിരുന്നത്,” റോജിന്‍ പറഞ്ഞു.
ടൈപ്പ് റൈറ്ററിനൊപ്പമുള്ള ഒരു സീനിലെ തങ്കരാജിന്റെ അഭിനയം കണ്ട് ഷൂട്ടിങ്ങ് സെറ്റിലുണ്ടായിരുന്നവര്‍ മുഴുവന്‍ കരഞ്ഞ ഒരനുഭവവും അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചു. ”വിത്ത് മ്യൂസിക് ആണ് പുള്ളി ടൈപ്പ് റൈറ്റര്‍ കാണുന്ന രംഗം ഷൂട്ട് ചെയ്തത്. ആ സമയത്തെ പുള്ളിയുടെ എക്സ്പ്രഷന്‍ കണ്ട് മുഴുവന്‍ യൂണിറ്റിന്റെ കണ്ണില്‍ നിന്ന് വെള്ളം വന്നു. മ്യൂസിക് ഡയറക്ടര്‍ ഒക്കെ കരഞ്ഞു. ആ എക്സ്പ്രഷനില്‍ തന്നെ പുള്ളിയുടെ ഫുള്‍ കാലിബര്‍ ഉണ്ടായിരുന്നു,” റോജിന്‍ കൂട്ടിച്ചേര്‍ത്തു.
ഹോം സിനിമയിലെ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റും അദ്ദേഹത്തിന്റെ അച്ഛനും തമ്മിലുള്ള വൈകാരിക ബന്ധവും അവര്‍ക്ക് പഴയ ടൈപ്പ് റൈറ്ററിനോടുള്ള ബന്ധവും സിനിമയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. അപ്പച്ചനെ തന്‍മയത്തത്തോടെ അവതരിപ്പിച്ച കൈനകരി തങ്കരാജ് ഏറെ പ്രശംസ പിടിച്ചുപറ്റി.
നാടകരംഗത്ത് ഒരുപാട് വര്‍ഷങ്ങളുടെ അനുഭവമുള്ള നടനാണ് കൈനകരി തങ്കരാജ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തിലെ വാവച്ചന്‍ എന്ന തങ്കരാജ് ചെയ്ത കഥാപാത്രം ഏറെ നിരൂപകപ്രശംസ നേടിയ ഒന്നായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kainakari Thankaraj Home Movie Rojin Thomas