| Thursday, 25th June 2020, 10:56 am

പുറംതള്ളപ്പെടും മുന്‍പ് കൈലിയുടുത്ത് അരപ്പട്ടകെട്ടി...; വാരിയംകുന്നത്തിന് ആദരമര്‍പ്പിച്ച് നാസര്‍ മാലിക്കിന്റെ മ്യൂസിക് ആല്‍ബം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലബാറിലെ വിപ്ലവപോരാളി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ‘ കൈലിയുടുത്ത്’ എന്ന മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ വരികള്‍ക്ക് നാസര്‍ മാലിക്കാണ് സംഗീതം നല്‍കി പാടിയിരിക്കുന്നത്. പച്ച ജിന്നാണ് സംവിധാനം.

അടിച്ചമര്‍ത്തപ്പെടുന്ന മുസ്‌ലിം വിഭാഗത്തോട് ഐക്യപ്പെട്ട് ഇസ്‌ലാം മത സ്വീകരിച്ച മുന്‍ നക്‌സല്‍ നേതാവ് നജ്മല്‍ എം. ബാബുവിനാണ് വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ സര്‍ഗാത്മകമായ ചുവടുവെപ്പാണ് വീഡിയോ.

കുഞ്ഞാലിമരയ്ക്കാരേയും സെയ്ദ് അലവി തങ്ങളേയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസ്ല്യാരെയും മമ്പുറം തങ്ങളേയും ഉമര്‍ഖാളിയേയും ഷര്‍ജില്‍ ഇമാമിനേയും സഫൂറ സര്‍ഗാറിനെയുമെല്ലാം ആല്‍ബത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങളെ കുറിച്ചും, രാജ്യത്തെ ജനങ്ങളെ വിഭജിച്ചുകൊണ്ടുള്ള പൗരത്വ നിയമത്തിനെതിരെ രാപ്പകല്‍ സമരം നടത്തുന്ന സ്ത്രീകളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്ന ഉമ്മയിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.

ഫുട്‌ബോളെടുത്ത് പുറത്തേക്ക് കളിക്കാന്‍ പോകുന്ന കൊച്ചുമകനോട് ‘ഇനി കളിക്കാന്‍ ഗ്രൗണ്ട് ഒക്കെ കിട്ടുമോ’ എന്നാണ് ഉമ്മയുടെ ചോദ്യം.

വംശീയതയ്ക്കും ഫാസിസത്തിനുമെതിരെ എന്നും ശബ്ദമുയര്‍ത്തിയ ഡച്ച് ക്ലബായ അയാക്‌സിന്റെ ഫ്‌ളക്‌സിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന കുട്ടികളേയും വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

‘പുറംതള്ളപ്പെടുംമുന്‍പ് കൈയിലിയുടുത്ത് അരപ്പെട്ടി കെട്ടി ഇന്നലെകളിലെ പടനിലങ്ങളിലൂടെ ഒന്നുനടക്കാനിറങ്ങണം… എന്നു തുടങ്ങുന്നതാണ് വരികള്‍. മ്യൂസിക് ആല്‍ബത്തിന്റെ സ്യുച്ച് ഓണ്‍ നിര്‍വഹിച്ചത് ശ്രീജ നെയ്യാറ്റിന്‍കരയാണ്.

We use cookies to give you the best possible experience. Learn more