| Sunday, 24th February 2019, 7:44 am

ഒരു ബീഫ് തീനി മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ജയിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു; ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: ദേശീയവാദികളായ, പശു സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന ഒരു സര്‍ക്കാര്‍ മധ്യപ്രദേശ് ഭരിക്കുമ്പോള്‍, ബീഫ് കഴിക്കുന്ന ഒരു വ്യക്തി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് തന്നെ അത്ഭുതപ്പെടുത്തുന്നതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയ. കോണ്‍ഗ്രസുകാരനായ ആരിഫ് മസൂദിന്റെ തെരഞ്ഞെടുപ്പ് ജയം പരാമര്‍ശിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന.

ബി.ജെ.പിയുടെ സുരേന്ദ്ര നാഥ് സിങ്ങിനെയായിരുന്നു ആരിഫ് കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. ആരിഫ് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവുമാണ്.

“നിങ്ങളുടെ പരാജയം എന്നെ രോഷാകുലനാക്കി. ദേശീയവാദികളായ, ഗോവധം നിരോധിച്ച ഒരു സര്‍ക്കാര്‍ ആയിരുന്നു സംസ്ഥാനം ഭരിക്കുന്നത്, എന്നാല്‍ ഒരു ബീഫു തീനി നിങ്ങളെ പരാജയപ്പെടുത്തി. ഇത് നമ്മളെയെല്ലാം നാണം കെടുത്തുന്ന വസ്തുതയാണ്”- സുരേന്ദ്ര നാഥ് സിങ്ങിനെ വേദിയിലിരുത്തി വിജയ്‌വര്‍ഗീയ പറഞ്ഞു.

Also Read അധ്യാപകരുടെ ലൈംഗികാതിക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള ക്രൂരതകള്‍ കുട്ടികള്‍ തുറന്നു പറയുന്നു; സര്‍ക്കാര്‍ ഉടനെ ഇടപെട്ടില്ലെങ്കില്‍ നിലമ്പൂര്‍ ആശ്രമം സ്‌കൂളില്‍ ഇനിയും ആദിവാസി കുട്ടികള്‍ കൊല്ലപ്പെട്ടേക്കാം

60 ശതമാനത്തോളം ഹിന്ദു വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ നിന്നാണ് ആരിഫ് ജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് തന്നെ വര്‍ഗീയ വാദിയായി അവതരിപ്പിക്കാന്‍ ബി.ജെ.പി ശ്രമച്ചിരുന്നുവെന്ന് ആരിഫ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. താന്‍ ബീഫ് കഴിക്കാറില്ലെന്നും, തന്നോടൊപ്പം ഒരു നേരം പോലും ഭക്ഷണം കഴിക്കാത്ത ആളാണ് വിജയ്‌വര്‍ഗീയ എന്നും, തെരഞ്ഞെടുപ്പ് പരാജയത്തിലെ നിരാശ തന്റെ മേല്‍ തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരിഫ് പറഞ്ഞു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് ശേഷം പശു സംരക്ഷണത്തിന്റെ പേരില്‍ മൂന്ന് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്ത സംഭവത്തില്‍ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കമല്‍നാഥിന് ആരിഫ് കത്തയച്ചിരുന്നു.

We use cookies to give you the best possible experience. Learn more