മമതയെ താഴെയിറക്കിയില്ലെങ്കിൽ ബംഗാൾ മറ്റൊരു കാശ്മീരാകും: ബി.ജെ.പി. ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ
ഹൗറ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രീണന നടപടികൾ ഭീകരർ ബംഗാളിൽ പിടിമുറുക്കാൻ കാരണമായെന്ന് ബി.ജെ.പി. ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗ്ഗിയ. മമതയെ ബംഗാളിൽ നിന്നും പുറത്താക്കിയില്ലെങ്കിൽ സംസ്ഥാനം ജമ്മു കശ്മീരിനെപോലെയാകുമെന്നും വിജയ് വർഗിയ പറഞ്ഞു. ബംഗാളിലെ ഹൗറയിൽ നടന്ന ബി.ജെ.പിയുടെ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഐ.എസിന്റെ ബംഗാളിലേക്കുള്ള വരവ് നമ്മളെ ഞെട്ടിച്ചിരിക്കുകയാണ്. ഇതെല്ലാം സംഭവിക്കുന്നത് മമതയുടെ പ്രീണന രാഷ്ട്രീയം കാരണമാണ്. മമതയെ അധികാരത്തിൽ നിന്നും താഴെയിറക്കിയില്ലെങ്കിൽ ബംഗാൾ മറ്റൊരു കാശ്മീരാകും. മമത കാരണമാണ് ഭീകരർ ബംഗാളിൽ പിടിമുറുക്കിയിരിക്കുന്നത്.’ വിജയ് വർഗിയ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങൾ ബംഗാളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണെന്നു കാണിച്ച് ഭീകരസംഘടനയായ ഐ.എസ്. തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ പരസ്യപ്പെടുത്തിയ ഒരു പോസ്റ്ററിലൂടെ പറഞ്ഞിരുന്നു. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾ ഈ ഭീഷണിയെ ഗൗരവത്തിൽ എടുത്തിട്ടുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. തന്നെ വിജയിക്കുമെന്നും കൈലാഷ് വിജയ് വർഗിയ കൂട്ടിച്ചേർത്തു. ‘മേയ് 23ന് തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ മമതയ്ക്ക് പിന്നെ മുഖം പുറത്ത് കാട്ടാനാവില്ല. മമത തോൽക്കും. ബി.ജെ.പി. വിജയിക്കുകയും ചെയ്യും. അതിൽ ഒരു സംശയവുമില്ല.’