[] ന്യൂദല്‍ഹി: നോബേല്‍ സമ്മാന ജേതാവും ബാലവകാശ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥി പുതിയ പോരാട്ടത്തിന്. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം, മദ്യപാനം തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയിരിക്കുകയാണ്് സത്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള സംഘടനയായ “ബച്പന്‍ ബചാവോ ആന്ദോളന്‍”.
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ ദേശീയ തലത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ് സംഘടന. സത്യാര്‍ത്ഥിയുടെ ഹരജി പരിഗണിച്ച ശേഷം വിഷയം ഗൗരവമായി കാണണമെന്ന് നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രീം കോടതി.
ലഹരിക്കെതിരെ പോരാടേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും വിഷയത്തില്‍ നടപടിയെടുക്കാന്‍ വൈകരുതെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു പറഞ്ഞു. കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും സംസ്ഥാനങ്ങള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2008-2010 കാലയളവില്‍ മാത്രമായി 1.7 ലക്ഷത്തിലധികം കുട്ടികളെ രാജ്യത്ത് കാണാതായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നിരാശാജനകമാണെന്നും കോടതി പറഞ്ഞു.
2012ല്‍ ആരോഗ്യ മന്ത്രാലയം നടത്തിയ സര്‍വ്വേയില്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധനയാണ് കണ്ടെത്തിയതെന്നും 15 വയസ്സിനും 19 വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികളില്‍ 28.6 ശതമാനം പുകയില ഉപയോഗത്തിനും 15 ശതമാനം പേര്‍ മദ്യത്തിനും അടിമപ്പെട്ടിരിക്കുന്നതായും സംഘടനയുടെ അഭിഭാഷകന്‍ എച്.എസ് ഫൂല്‍ക വെളിപ്പെടുത്തി.
ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ 5.5 ശതമാനം പേര്‍ പുകയിലയും 4 ശതമാനം പേര്‍ മദ്യവും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിച്ച് വളര്‍ന്നു വരുന്ന തലമുറയെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.