വാഷിങ്ടണ്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദയുടെ സാങ്കല്‍പിക രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് കൈലാസയുമായി 30 അമേരിക്കന്‍ രാജ്യങ്ങള്‍ സാസ്‌കാരിക പങ്കാളിത്തത്തിന് കരാറൊപ്പിട്ടെന്ന റിപ്പോര്‍ട്ടുമായി ഫോക്‌സ് ന്യൂസ്. സഹോദര നഗര കരാര്‍ എന്നാണ് കരാറിന് പേരിട്ടിരിക്കുന്നത്.
നേരത്തെ കൈലാസയുമായി ഉണ്ടാക്കിയ സഹോദര നഗര കരാര്‍ അമേരിക്കന്‍ കമ്പനിയായ നെവാര്‍ക്ക് റദ്ദാക്കിയിരുന്നു. കൈലാസയുമായി കരാര്‍ ഉണ്ടാക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നും പിന്‍വലിക്കുകയാണെന്നുമാണ് അധികൃതര്‍ അറിയിച്ചത്.
എന്നാലിപ്പോള്‍ 30 നഗരങ്ങള്‍ കരാറിലൊപ്പിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.
റിച്ച്‌മോണ്ട്, വെര്‍ജീനിയ, ഒഹിയോ, ബ്യൂണ പാര്‍ക്ക, ഫ്‌ളോറിഡ തുടങ്ങിയ നഗരങ്ങളാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
നിത്യാനന്ദ ഒരുപാട് പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്. കരാറുമായി ഒപ്പ് വെച്ച ചില നഗരങ്ങളില്‍ അധികൃതരുടെ അഭിപ്രായം അറിയാന്‍ വേണ്ടി തങ്ങള്‍ പോയിട്ടുണ്ടെന്നും ഫോക്‌സ് ന്യൂസ് പറയുന്നു.
കരാറിന്റെ കാര്യം ചില നഗരങ്ങള്‍ സത്യമാണെന്ന് അറിയിച്ചുവെന്നും ഫോക്‌സ് ന്യൂസ് പറഞ്ഞു.
കൈലാസയുടെ വെബ്‌സൈറ്റിലും ഇത്തരത്തിലൊരു കരാറിന്റെ കാര്യം പങ്കുവെച്ചിട്ടുണ്ട്.
കൈലാസയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞയുടനെ നെവാര്‍ക്ക് ഉടന്‍ നടപടിയെടുത്തെന്നും കരാര്‍ റദ്ദാക്കിയെന്നും നെവാര്‍ക്ക് പ്രസ് സെക്രട്ടറി സൂസന്‍ ഗാരോഫാലോ പി.ടി.ഐയോട് പറഞ്ഞു.
‘ഇത് കുറ്റബോധമുണ്ടാക്കുന്ന നടപടിയാണ്. നെവാര്‍ക്ക് വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളില്‍ നിന്നുള്ള ആളുകളുമായി സഹകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം ജനീവയില്‍ വെച്ച് നടന്ന ഐക്യരാാഷ്ട്ര സഭയുടെ പൊതുയോഗത്തില്‍ കൈലാസ പ്രതിനിധി പങ്കെടുത്തിരുന്നു. സ്ത്രീ വിവേചനം ഇല്ലാതാക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിജയപ്രിയ എന്ന കൈലാസ പ്രതിനിധി പങ്കെടടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. അന്ന് നിത്യാനന്ദയെ വേട്ടയാടുന്നതിനെതിരെ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നടപടി സ്വീകരിക്കണമെന്നും വിജയപ്രിയ പറഞ്ഞു.
അതേസമയം സംഭവം വിവാദമായതോടെ ഇത്തരം പരിപാടികളില്‍ എന്‍.ജി.ഒകള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാമെന്നായിരുന്നു യു.എന്‍.മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ വിശദീകരണം.
ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നിത്യാനന്ദ പൊലീസ് അന്വേഷണത്തിനിടെ ഇന്ത്യ വിടുകയായിരുന്നു. പിന്നീട് പുതിയ രാജ്യം സ്ഥാപിച്ചെന്ന ആഹ്വാനവുമായി ഇയാള്‍ രംഗത്തെത്തുകയായിരുന്നു. 2019ലാണ് താന്‍ സ്വന്തമായൊരു രാജ്യം നിര്‍മിച്ചിട്ടുണ്ടന്ന് സമൂഹ മാധ്യമം വഴി നിത്യാനന്ദ അറിയിച്ചത്.
content highlight: Kailash’s Sister City Agreement; 30 US cities have reportedly signed up