| Monday, 4th September 2023, 11:47 am

ഒറ്റയിരിപ്പില്‍ എഴുതിയതാണ് ആ ഹിറ്റ് പാട്ട്, പിന്നീട് തിരുത്തിയിട്ടേയില്ല: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമരം സിനിമയിലെ ‘വികാര നൗകയുമായ്’ എന്ന് തുടങ്ങുന്ന പാട്ട് ഒറ്റയിരിപ്പില്‍ ഇരുന്ന് എഴുതിയതാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ആ പാട്ട് പിന്നീട് തിരുത്തേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാളം ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടെഴുതാനെടുക്കുന്ന സമയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൈതപ്രം.

ചില പാട്ടുകള്‍ എഴുതിത്തീര്‍ക്കാന്‍ സമയമെടുക്കുമെന്നും, ചില പാട്ടുകള്‍ പെട്ടെന്ന് എഴുതി തീര്‍ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ക്യാരക്ടറിനെ ഉള്‍ക്കൊള്ളുന്നത് പോലെയാണതെന്നും കൈതപ്രം പറഞ്ഞു. ‘ ചില പാട്ടുകള്‍ പെട്ടെന്ന് എഴുതും. ചിലതിന് സമയമെടുക്കും. ക്യാരക്ടര്‍ നമ്മളിലേക്ക് കയറുന്നത് പോലെയാണത്. അമരത്തിലെ വികാര നൗകയുമായി എന്ന പാട്ട് ഒറ്റയിരിപ്പില്‍ എഴുതി തീര്‍ത്തതാണ്. പിന്നീട് തിരുത്തിയിട്ടേയില്ല.

‘എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്മരമായേനെ’ എന്ന് പറയുമ്പോള്‍ അത് ജീവിതത്തില്‍ എല്ലാവരും അനുഭവിച്ചിട്ടുള്ളതായിരിക്കും. ‘അന്നു കണ്ടില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം പാഴായേനെ’ എന്ന് പറയില്ലേ അതുപോലെ. അത് എനിക്കും തോന്നാറുള്ളതാണ്. അതാണ് ആ പാട്ടില്‍ ഞാന്‍ എഴുതിയത്. നമ്മുടെ വികാരമാണ് എപ്പോഴും എഴുതുന്നത്. കഥാപാത്രത്തിലൂടെ നമ്മള്‍ പറയുകയാണ്. അപ്പോഴാണ് അത് പാട്ടാകുന്നത്.

കമലദളത്തിലെ ‘എന്നുമാ സങ്കല്‍പ പാദപത്മങ്ങളില്‍ തല ചായ്ച്ച് വെച്ചേ സീത ഉറങ്ങാറുള്ളൂ’ എന്ന വരിയുണ്ട്. അതു പോലെ മനസ്സിലേക്ക് കയറാന്‍ പറ്റണം. എനിക്കത് പറ്റാറുണ്ട്. ഓരോ കഥാപാത്രങ്ങളിലേക്കും അങ്ങോട്ട് പോകുകയാണ്. അവരെ ഇങ്ങോട്ട് കൊണ്ടുവരികയല്ല. ഇപ്പോഴും ചെറിയ കുട്ടികളൊക്കെ മത്സരങ്ങളില്‍ പാടുന്നത് എന്റെ പാട്ടുകളാണ്. അവരൊക്കെ കാണുമ്പോള്‍ പറയുകയും ചെയ്യും. പാട്ടെഴുതി 30 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആ പാട്ടിന്റെ പേരില്‍ തിരിച്ചറിയുന്നു,’ കൈതപ്രം പറഞ്ഞു.

content highlights: Kaihtapram about the song vikaranoukayumay  from the movie Amaram

We use cookies to give you the best possible experience. Learn more