| Tuesday, 16th May 2023, 9:00 pm

ലോകകപ്പിന് രാജസ്ഥാന്‍ നായകന്‍ വേണ്ട, സഞ്ജുവിനേക്കാള്‍ ആവറേജ് കുറഞ്ഞ താരത്തെ തെരഞ്ഞെടുത്ത് കൈഫ്

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകേണ്ട താരത്തെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. റിഷബ് പന്ത് ലോകകപ്പിന് ഉണ്ടാകാതിരിക്കുകയും കെ.എല്‍. രാഹുലിന് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് കൈഫ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

യുവതാരം ഇഷാന്‍ കിഷനെയാണ് കൈഫ് ലോകകപ്പിനായി തെരഞ്ഞെടുക്കുന്നത്.

‘ഞാന്‍ ഇഷാന്‍ കിഷനെയാണ് തെരഞ്ഞെടുക്കുന്നത്. അവനൊരു പ്രോപ്പര്‍ വിക്കറ്റ് കീപ്പറാണ്, അവന്‍ നന്നായി കീപ്പിങ് ചെയ്യുകയും ചെയ്യുന്നുണ്ട് നന്നായി ബാറ്റ് ചെയ്യാനും അവന് സാധിക്കും,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ കൈഫ് പറഞ്ഞു.

ഏകദിനത്തിലെ ഇരട്ട സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മികച്ച പ്രകടനമായിരുന്നില്ല ഇഷാന്‍ കിഷന്‍ പുറത്തെടുത്തത്. ഇത് ഇഷാനേക്കാള്‍ ബാറ്റിങ് ആവറേജുള്ള സഞ്ജുവിന് ഇത് ഗുണം ചെയ്‌തേക്കുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് കൈഫിന്റെ നിരീക്ഷണം.

ബംഗ്ലാദേശിനെതിരെ ഡബിള്‍ സെഞ്ച്വറി നേടിയ ശേഷം ഇഷാന്റെ പ്രകടനങ്ങളെല്ലാം തന്നെ ശരാശരിക്കും താഴെയാണ്. ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ഇന്നിങ്‌സുകളില്‍ 5, 8*, 17 എന്നിങ്ങനെയായിരുന്നു കിഷന്റെ സ്‌കോര്‍. ഓസീസിനെതിരായ ഒരു മത്സരത്തില്‍ മൂന്ന് റണ്‍സും നേടിയ താരത്തിന്റെ ശരാശരി 42.5 ആണ്.

എന്നാല്‍, ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴെല്ലാം തന്നെ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഫിനിഷറുടെ റോളിലും മികച്ച ഫീല്‍ഡറായും സ്വയം അടയാളപ്പെടുത്തിയ സഞ്ജു 66 എന്ന ശരാശരിയിലാണ് ബാറ്റ് വീശുന്നത്.

ഐ.പി.എല്ലിനിടെ ഹാംസ്ട്രിങ് ഇന്‍ജുറി നേരിട്ടതോടെയാണ് കെ.എല്‍. രാഹുലിന്റെ കാര്യവും ത്രിശങ്കുവിലായത്. അഞ്ചാം നമ്പറില്‍ മികച്ച ബാറ്റിങ് പുറത്തെടുക്കുന്ന രാഹുല്‍ 53 എന്ന ശരാശരിയിലും 99 എന്ന പ്രഹരശേഷിയിലുമാണ് റണ്‍സ് നേടുന്നത്.

ഈയൊരു സാഹചര്യത്തില്‍ ലോകകപ്പ് സ്‌ക്വാഡിലേക്ക് ഏതെല്ലാം താരങ്ങളെ ഉള്‍പ്പെടുത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു സാംസണ് അവസരം ലഭിക്കുമോ അതോ ജിതേഷ് ശര്‍മയെ പോലെയുള്ള മറ്റേതെങ്കിലും താരത്തെ പരീക്ഷിക്കുമോ എന്ന ചോദ്യങ്ങളെല്ലാം ആരാധകര്‍ പരസ്പരം ചോദിക്കുന്നുണ്ട്.

Content Highlight: Kaif chose Ishan Kishan as the best wicket keeper for world cup squad

We use cookies to give you the best possible experience. Learn more