ഡല്‍ഹിക്ക് അപ്രതീക്ഷിത തിരിച്ചടി; റബാദ ഐ.പി.എല്ലിനില്ല
ipl 2018
ഡല്‍ഹിക്ക് അപ്രതീക്ഷിത തിരിച്ചടി; റബാദ ഐ.പി.എല്ലിനില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th April 2018, 4:55 am

ന്യുദല്‍ഹി: ഐ.പി.എല്‍ മത്സരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ദല്‍ഹിക്ക് വമ്പന്‍ തിരിച്ചടി. ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബൗളര്‍ കാഗിസോ റബാദയുടെ പിന്മാറ്റമാണ് ദല്‍ഹിക്ക് തിരിച്ചടിയായത്. പരിക്കേറ്റതാണ് താരത്തിന് വിനയായത്. മൂന്ന് മാസത്തെ വിശ്രമമാണ് റബാദയ്ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനുവരിയില്‍ നടന്ന ലേലത്തില്‍ 4.2 കോടിക്കായിരുന്നു റബാദയെ ഡല്‍ഹി തട്ടകത്തിലെത്തിച്ചിരുന്നത്.

കഴിഞ്ഞ സീസണിലും റബാദ ഡല്‍ഹിയിലായിരുന്നു. ആസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ പുറം വേദന മൂലം റബാദക്ക് മുഴുവന്‍ സമയം പന്തെറിയാന്‍ കഴിഞ്ഞിരുന്നില്ല. വേദന സഹിച്ചും ഏതാനും ഓവറുകള്‍ എറിഞ്ഞിരുന്നു. ഇതാണ് പരിക്ക് ഗുരുതരമാക്കിയത്. 23 വിക്കറ്റുകള്‍ വീഴ്ത്തി ആ പരമ്പരയിലെ താരമായിരുന്നു റബാദ. പോണ്ടിങ്ങിന്റെയും നായകന്‍ ഗംഭീറിന്റെയും കീഴില്‍ സര്‍വ്വസന്നാഹങ്ങളോട് കൂടെ ഇറങ്ങുന്ന ദല്‍ഹിക്ക് മികച്ച ഫോമില്‍ നില്‍ക്കെ റബാദയുടെ സേവനം നഷ്ടമാകുന്നത് കനത്ത പ്രഹരമാകും.


Read Also : ഐ.പി.എല്‍; കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് കൊടിയേറുന്നു; പൂരക്കാഴ്ചകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം


അതേസമയം റബാദയുടെ പകരക്കാരനെ ഡല്‍ഹി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജുലൈയില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മാത്രമെ ഇനി റബാദക്ക് കളിക്കാനാവൂവെന്നാണ് ദക്ഷിണാഫ്രിക്കന്‍ ഫിസിയോ അറിയിക്കുന്നത്. രണ്ട് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു ടി20യും അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ലങ്കന്‍ പരമ്പര. ഏപ്രില്‍ എട്ടിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.

ഏപ്രില്‍ ഏഴിനു മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന പതിനൊന്നാം സീസണ്‍ മേയ് 27 നു വാങ്കഡെ സ്റ്റേഡിയത്തില്‍ തന്നെ നടക്കുന്ന കലാശപ്പോരാട്ടത്തോടെയാണ് അവസാനിക്കുക. ഗ്രൂപ്പ് ഘട്ടവും രണ്ട് ക്വാളിഫയറുകളും ഒരു എലിമിനേറ്ററും കഴിഞ്ഞാണ് മെയ് 27 നു കലാശപ്പോരാട്ടം നടക്കുക.