| Thursday, 31st October 2024, 8:30 am

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറയെ മറികടന്ന് സൗത്ത് ആഫ്രിക്കന്‍ കൊടുങ്കാറ്റ്, ഒപ്പം മറ്റൊരു നാഴികക്കല്ലും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി. ബൗളര്‍മാരുടെ റാങ്ക് പട്ടിക പുറത്തുവിട്ടു. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയെ മറികടന്ന് പ്രോട്ടിയാസിന്റെ പടക്കുതിരയായ കഗീസോ റബാദ ഒന്നാം റാങ്ക് സ്വന്തമാക്കി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് നേടിയതാണ് താരത്തിന്റെ റാങ്കിങ് മെച്ചപ്പെടാന്‍ കാരണം. ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാം റാങ്കിലെത്തിയപ്പോള്‍ ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ ബുംറ മൂന്നാം റാങ്കിലേക്ക് കൂപ്പുകുത്തി.

ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയതിനോടൊപ്പം മറ്റൊരു റെക്കോഡും റബാദ സ്വന്തമാക്കിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കക്കായി ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേടുന്ന താരങ്ങളില്‍ മൂന്നാമതെത്താനാണ് റബാദക്ക് സാധിച്ചത്. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസങ്ങളായ ഷോണ്‍ പൊള്ളോക്കിനെയും മോണി മോര്‍ക്കിലനെയും പിന്തള്ളിയാണ് റബാദ മൂന്നാമതെത്തിയത്. തന്റെ 65ാം ടെസ്റ്റ് മത്സരത്തിലാണ് റബാദ ഈ നേട്ടം സ്വന്തമാക്കിയത്. പ്രോട്ടിയാസിന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരായ ഡെയ്ല്‍ സ്‌റ്റെയ്‌നും അലന്‍ ഡൊണാള്‍ഡുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.

സൗത്ത് ആഫ്രിക്കക്കായി ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേടുന്ന താരം, മത്സരം, എതിരാളികള്‍

ഡെയ്ല്‍ സ്റ്റെയ്ന്‍- 61- ന്യൂസിലാന്‍ഡ്

അലന്‍ ഡൊണാള്‍ഡ്- 63 – ന്യൂസിലാന്‍ഡ്

കഗീസോ റബാദ- 65*- ബംഗ്ലാദേശ്

ഷോണ്‍ പൊള്ളോക്ക്- ഇംഗ്ലണ്ട്- 74

മഖായ് എന്‍ടിനി- പാകിസ്ഥാന്‍- 74

അതേസമയം സൗത്ത് ആഫ്രിക്കയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 38ന് നാല് വിക്കറ്റ് എന്ന പരിതാപകരമായ അവസ്ഥയിലാണ് ആതിഥേയര്‍. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 573 എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാ കടുവകളുടെ ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരം കണക്കെയാണ് തകര്‍ന്നത്.

സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍ ചേര്‍ത്തപ്പോഴേക്കും ആദ്യവിക്കറ്റ് ആതിഥേയര്‍ക്ക് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം മടങ്ങിയപ്പോള്‍ വണ്‍ ഡൗണായി ഇറങ്ങിയ സാക്കിര്‍ ഹുസൈന്‍ രണ്ട് റണ്ണിന് പുറത്തായി. 10 റണ്‍ നേടി ഓപ്പണര്‍ മഹ്‌മദുല്‍ ഹസന്‍ കൂടാരം കയറിയപ്പോള്‍ കേശവ് മഹാരാജിന് വിക്കറ്റ് നല്‍കി ഹസന്‍ മഹ്‌മൂദും പുറത്തായി.

ട്രിസ്റ്റന്‍ സ്റ്റബ്‌സ് (106) ടോണി ഡി സോര്‍സി(177) വിയാന്‍ മുള്‍ഡര്‍(105) എന്നിവരുടെ സെഞ്ച്വറിക്കരുത്തിലാണ് സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സെനുരാന്‍ മുത്തുസ്വാമി, ഡേവിഡ് ബെഡിങ്ഹാം എന്നിവരുടെ അര്‍ധസെഞ്ച്വറിയും ടീമിന് കരുത്തായി മാറി.

Content Highlight: Kagiso Rabada overtakes Jasprit Bumarh and became no.1 in test bowler ranking

We use cookies to give you the best possible experience. Learn more