| Tuesday, 26th December 2023, 4:02 pm

ഒറ്റ വിക്കറ്റ്; മറ്റൊരു ബൗളര്‍ക്കും സാധ്യമാവാത്ത നേട്ടം സ്വന്തമാക്കി റബാദ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കയുടെ ഹോം ഗ്രൗണ്ടായ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ മൂന്ന് പ്രധാന വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 4.6 ഓവറില്‍ നില്‍ക്കേ ടീം സ്‌കോര്‍ 13 റണ്‍സില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കികൊണ്ട് സൗത്ത് ആഫ്രിക്കന്‍ പേസര്‍ കഗീസോ റബാദയാണ് ആദ്യ വിക്കറ്റ് നേടിയത്.

14 പന്തില്‍ അഞ്ച് റണ്‍സ് നേടി കൊണ്ടാണ് രോഹിത് പുറത്തായത്. റബാഡയുടെ പന്തില്‍ നാന്‍ഡ്ര ബര്‍ഗറിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. ഈ വിക്കറ്റിന് പിന്നാലെ രോഹിത് ശര്‍മയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ റബാദക്ക് സാധിച്ചു. 13 തവണയാണ് റബാഡ രോഹിത്തിനെ പവലിയനിയിലേക്ക് അയച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ താരങ്ങള്‍

(ബൗളര്‍, വിക്കറ്റ് എന്നീ ക്രമത്തില്‍)

കഗീസോ റബാദ-13

ടിം സൗത്തി-11

ഏഞ്ചലോ മാത്യൂസ്-10

നഥാന്‍ ലിയോണ്‍-9

ട്രെന്റ് ബോള്‍ട്ട്-8

റബാദക്ക് പിന്നാലെ നാന്‍ഡ്ര ബര്‍ഗറും ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. ശുഭ്മന്‍ ഗില്‍ 12 പന്തില്‍ രണ്ട് റണ്‍സും യശസ്വി ജെയ്സ്വാള്‍ 37 പന്തില്‍ 17 റണ്‍സും നേടി പുറത്താവുകയായിരുന്നു.

അതേസമയം കഴിഞ്ഞ ഐ.സി.സി ഏകദിനം ലോകകപ്പിന് ശേഷമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കുന്നത്.

ഇന്ത്യ-സൗത്ത് ആഫ്രിക്ക ടി-20 പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയും ഏകദിന പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Content Highlight: Kagiso Rabada create a record against Rohit sharma.

Latest Stories

We use cookies to give you the best possible experience. Learn more