ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ സ്‌കോര്‍ ഉയര്‍ത്താന്‍ പൊരുതുകയാണ്. പേസിനെ തുണയ്ക്കുന്ന സെഞ്ചൂറിയനിലെ പിച്ചില്‍ പ്രോട്ടീസിന്റെ പേസര്‍മാര്‍ സംഹാര താണ്ഡവമാടുന്ന കാഴ്ചയാണ് ക്രിക്കറ്റ് ആരാധകര്‍ കാണുന്നത്.
സ്റ്റാര്‍ പേസര്‍ കഗീസോ റബാദയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ വരിഞ്ഞുമുറുക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വീഴ്ത്തി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ട റബാദ ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.
ആദ്യ ദിനം ചായക്ക് പിരിയും മുമ്പേ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് റബാദ പ്രോട്ടിയാസിനെ ഡ്രൈവിങ് സീറ്റിലിരുത്തിയത്. രോഹിത് ശര്‍മക്ക് പുറമെ ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി, ആര്‍. അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരെയാണ് റബാദ പുറത്താക്കിയത്.
ഇന്ത്യക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും റബാദ സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ഞൂറ് വിക്കറ്റ് എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിട്ടാണ് റബാദ തിളങ്ങിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ വിക്കറ്റ് നേട്ടത്തില്‍ ക്വിന്റിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന 39ാം താരവും ഏഴാമത് സൗത്ത് ആഫ്രിക്കന്‍ താരവുമാണ് റബാദ.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇതുവരെ 285 വിക്കറ്റ് നേടിയ റബാദ ഏകദിനത്തില്‍ 157 വിക്കറ്റും ടി-20യില്‍ 58 വിക്കറ്റുമാണ് നേടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ (ടെസ്റ്റ് + ഏകദിനം + ടി-20)
ഷോണ്‍ പൊള്ളോക് – 829
ഡേല്‍ സ്റ്റെയ്ന്‍ – 699
മഖായ എന്റിനി – 622
അലന്‍ ഡൊണാള്‍ഡ് – 602
ജാക് കാല്ലിസ് – 577
മോണി മോര്‍കല്‍ – 544
കഗീസോ റബാദ – 500*
ഇതിന് പുറമെ സൗത്ത് ആഫ്രിക്കക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും റബാദക്ക് സാധിച്ചു.
കേവലം എട്ട് വിക്കറ്റ് കൂടി നേടിയാല്‍ ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായ ജാക് കാല്ലിസിനെ മറികടക്കാനും റബാദക്ക് സാധിക്കും.
ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍
ഡേല്‍ സ്റ്റെയ്ന്‍ – 439
ഷോണ്‍ പൊള്ളോക് – 421
മഖായ എന്റിനി – 390
അലന്‍ ഡൊണാള്‍ഡ് – 330
ജാക് കാല്ലിസ് – 292
കഗീസോ റബാദ – 285*
അതേസമയം, ഇന്ത്യന്‍ ഇന്നിങ്‌സ് 59 ഓവര്‍ പിന്നിടുമ്പോള്‍ വീണ്ടും മഴയെത്തിയിരിക്കുകയാണ്. നിലവില്‍ 208 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
105 പന്തില്‍ 70 റണ്‍സുമായി കെ.എല്‍. രാഹുലും പത്ത് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് സിറാജുമാണ് ക്രീസില്‍.
റബാദക്ക് പുറമെ അരങ്ങേറ്റക്കാരന്‍ നാന്ദ്രേ ബര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍കോ യാന്‍സനാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
Content highlight: Kagiso Rabada completes 500 international wickets