| Tuesday, 17th October 2023, 7:47 pm

സ്‌റ്റെയ്‌നിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയെ ഞങ്ങള്‍ക്ക് കിട്ടിയെടോ; വിളിക്കാമവനെ മോഡേണ്‍ ഡേ ഗ്രേറ്റ് എന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക നെതര്‍ലന്‍ഡ്‌സിനെ നേരിടുകയാണ്. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് സൗത്ത് ആഫ്രിക്കയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സൗത്ത് ആഫ്രിക്കക്ക് സാധിക്കും.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കഗീസോ റബാദ. ഏകദിനത്തില്‍ 150 വിക്കറ്റുകള്‍ എന്ന കരിയര്‍ മൈല്‍ സ്റ്റോണാണ് റബാദ പിന്നിട്ടിരിക്കുന്നത്.

ഈ മത്സരത്തിന് മുമ്പ് 149 വിക്കറ്റുകളാണ് റബാദയുടെ പേരിലുണ്ടായിരുന്നത്. മത്സരത്തിലെ ആദ്യ വിക്കറ്റായി വിക്രംജീത് സിങ്ങിനെ പുറത്താക്കിയതോടെയാണ് റബാദ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് പുറമെ ബാസ് ഡി ലീഡിനെയും റബാദ പുറത്താക്കിയിരുന്നു.

95 മത്സരത്തിലെ 93 ഇന്നിങ്‌സില്‍ നിന്നുമാണ് റബാദ ഏകദിനത്തിലെ 150 വിക്കറ്റ് മാര്‍ക് പിന്നിട്ടത്. 5.06 എന്ന എക്കോണമിയിലും 32.4 എന്ന സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന പ്രോട്ടീസ് സൂപ്പര്‍ താരത്തിന്റെ ബെസ്റ്റ് ബൗളിങ് ഫിഗര്‍ 2015ല്‍ ബംഗ്ലാദേശിനെതിരെ 16 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ്.

അന്താരാഷ്ട്ര കരിയറില്‍ ഇതുവരെ 489 വിക്കറ്റാണ് റബാദ സ്വന്തമാക്കിയത്. 28ാം വയസില്‍ ഈ നേട്ടം സ്വന്തമാക്കിയ റബാദ പ്രോട്ടീസ് ഇതിഹാസം ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും 280 വിക്കറ്റ് നേടിയ റബാദ ഏകദിനത്തില്‍ 151 വിക്കറ്റും ടി-20യില്‍ 58 വിക്കറ്റുമാണ് നേടിയത്.

അതേസമയം, മഴമൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടി.

പുറത്താകാതെ 78 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വ്വാര്‍ഡ്‌സാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ നിര്‍ണായകമായത്. 69 പന്ത് നേരിട്ട് പത്ത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് താരം റണ്ണടിച്ചുകൂട്ടിയത്.

വാന്‍ ഡെര്‍ മെര്‍വ് 19 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍ ഒമ്പത് പന്തില്‍ 23 റണ്‍സ് നേടിയ ആര്യന്‍ ദത്തും ടോട്ടലിലേക്ക് തന്റേതായ സംഭാവന നല്‍കി. 32 റണ്‍സാണ് എക്‌സ്ട്രാസ് ഇനത്തില്‍ നെതര്‍ലന്‍ഡ്‌സിന്റെ അക്കൗണ്ടിലെത്തിയത്.

സൗത്ത് ആഫ്രിക്കക്കായി മാര്‍കോ യാന്‍സെന്‍, കഗീസോ റബാദ, ലുന്‍ഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജും ജെറാള്‍ഡ് കോട്‌സിയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

Content highlight: Kagiso Rabada completes 150 ODI wickets

Latest Stories

We use cookies to give you the best possible experience. Learn more