തങ്ങളുടെ ചരിത്രത്തിലെ ആദ്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനാണ് സൗത്ത് ആഫ്രിക്ക യോഗ്യത നേടിയിരിക്കുന്നത്. പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ വണ്‍ ഓഫ് ടെസ്റ്റില്‍ വിജയിച്ചതിന് പിന്നാലെയാണ് ഫൈനല്‍ ടിക്കറ്റുറപ്പിക്കുന്ന ആദ്യ ടീമായി സൗത്ത് ആഫ്രിക്ക മാറിയത്.
കഴിഞ്ഞ ദിവസം അവസാനിച്ച പാകിസ്ഥാനെതിരായ രണ്ടാം വണ്‍ ഓഫ് ടെസ്റ്റിലും പ്രോട്ടിയാസ് മികച്ച വിജയം നേടിയിരുന്നു. ന്യൂലാന്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ബാവുമയും സംഘവും സ്വന്തമാക്കിയത്. ഇതോടെ വിജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ അവസാനിപ്പിക്കാനും സൗത്ത് ആഫ്രിക്കയ്ക്കായി.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റ് വിജയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഫൈനല്‍ മോഹങ്ങള്‍ അവസാനിപ്പിച്ച് ഓസ്‌ട്രേലിയ തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ടിക്കറ്റെടുത്തത്.
തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിനായിരിക്കും ഇംഗ്ലണ്ടിലെ വിശ്വപ്രസിദ്ധമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാവുക. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും തുടങ്ങി ക്രിക്കറ്റിന്റെ സമസ്ത മേഖലകളിലും മികച്ച ഫോമിലാണ് ഇരു ടീമുകളും.
ഇപ്പോള്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ആക്രമണങ്ങളുടെ കുന്തമുനയായ കഗീസോ റബാദ. കങ്കാരുക്കളെ എങ്ങനെ പരാജയപ്പെടുത്തണമെന്ന് തങ്ങള്‍ക്ക് അറിയാം എന്നാണ് റബാദ പറയുന്നത്.
‘സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടങ്ങള്‍ എന്നും ആവേശഭരിതമായിരുന്നു. ഞങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവരും ഇതേ രീതിയില്‍ വളരെ മികച്ച പ്രകടനം തന്നെ ഞങ്ങള്‍ക്കെതിരെ പുറത്തെടുക്കുമെന്ന് ഉറപ്പാണ്. പക്ഷേ അവരെ എങ്ങനെ പരാജയപ്പെടുത്തണമെന്നും ഞങ്ങള്‍ക്ക് അറിയാം,’ പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ സൂപ്പര്‍ സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തില്‍ റബാദ പറഞ്ഞു.
ഞങ്ങളിപ്പോള്‍ മറ്റേത് ഫോര്‍മാറ്റിനേക്കാളും മികച്ച പ്രകടനമാണ് ടെസ്റ്റില്‍ പുറത്തെടുക്കുന്നത്.
“നിങ്ങള്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെയും ഞങ്ങളുടെ ഇതിഹാസ താരങ്ങളെയും പരിശോധിച്ചാല്‍ അവരെല്ലാം തന്നെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരാണ് എന്ന് കാണാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങള്‍ ടെസ്റ്റ് താരങ്ങളാണ്. പാകിസ്ഥാനെതിരായ ഈ ടെസ്റ്റ് പരമ്പര ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും മികച്ച പ്രദര്‍ശനമായിരുന്നു,’ പ്രോട്ടിയാസ് സ്പീഡ്സ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
ഈ ടെസ്റ്റ് സൈക്കിളില്‍ കളിച്ച 12 മത്സരത്തില്‍ എട്ടിലും വിജയിച്ചാണ് സൗത്ത് ആഫ്രിക്ക ഫൈനലിനെത്തുന്നത്. അവസാനം കളിച്ച ഏഴ് ടെസ്റ്റിലും സൗത്ത് ആഫ്രിക്ക വിജയിച്ചിരുന്നു. മൂന്ന് മത്സരം പരാജയപ്പെട്ടപ്പോള്‍ ഒന്ന് സമനിലയിലും അവസാനിച്ചു.
69.44 എന്ന പോയിന്റ് ശതമാനവുമായാണ് പ്രോട്ടിയാസ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കാകട്ടെ 63.73 എന്ന പോയിന്റ് ശതമാനമാണ് ഉള്ളത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര ക്ലീന്‍ സ്വീപ് ചെയ്താലും സൗത്ത് ആഫ്രിക്കയെ മറികടന്ന് ഒന്നാമതെത്താന്‍ കങ്കാരുക്കള്‍ക്ക് സാധിക്കില്ല.
Content Highlight: Kagiso Rabada about World Test Championship Final