| Thursday, 20th June 2024, 1:51 pm

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; കെ.കെ. ലതികക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരായ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ മുന്‍ സി.പി.ഐ.എം എം.എല്‍.എ കെ.കെ. ലതികക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫില്‍ നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കെ.കെ. ലതികക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടിരിക്കുന്നത്.

പൊലീസ് ആസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘത്തിന് ഡി.ജി.പി പരാതി കൈമാറുകയും ചെയ്തു. അടിയന്തരമായി അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡി.ജി.പി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കാഫിര്‍ പരാമര്‍ശം അടങ്ങിയിട്ടുള്ള സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് അറിഞ്ഞിട്ടും കെ.കെ. ലതിക പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്. കെ.കെ. ലതികക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം.

യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഖാസിമിന്റെ പേരിലായിരുന്നു വ്യാജ വാട്‌സാപ്പ് സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നത്. ഇത് പിന്നീട് കെ.കെ. ലതിക ഉള്‍പ്പടെയുള്ള ഇടത് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് തന്നെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഖാസിമിന്റെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.

എന്നാല്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് ആരാണ് നിര്‍മിച്ചതെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് കെ.കെ. ലതിക പിന്‍വലിച്ചത്.

Content Highlight: Kafir screenshot; inquiry against K.K. Lathika

We use cookies to give you the best possible experience. Learn more