| Friday, 14th June 2024, 6:56 pm

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വ്യാജം; യൂത്ത് ലീഗ് നേതാവിനെതിരെ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ യുത്ത് ലീഗ് നേതാവിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമിന്റെ ഫോണില്‍ നിന്നല്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ പറഞ്ഞു.

സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ എന്നീ ഇടത് ഫേസ്ബുക്ക് പേജുകള്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേജ് ആരാണ് കൈകാര്യം ചെയ്യുന്നതെന്നതിൽ കോഴിക്കോട് സൈബര്‍ സെല്‍ വിഭാഗം അന്വേഷണം തുടരുകയാണെന്നും ഇതിനായി ഫേസ്ബുക്കിന്റെ മറുപടി തേടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പോരാളി ഷാജിയുടെ പ്രൊഫൈല്‍ ആരുടെതാണെന്നതിലും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കേസില്‍ 12 പേരുടെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്. കാസിമിന്റെയും സി.പി.ഐ.എം നേതാവ് കെ.കെ. ലതികയുടെയും ഫോണുകള്‍ പൊലീസ് പരിശോധിച്ചിരുന്നു.

ഫെയ്‌സ്ബുക്ക് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാഫിര്‍ പരാമര്‍ശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഹരജി ജൂണ്‍ 28ന് വീണ്ടും പരിഗണിക്കും.

അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നത്. പോസ്റ്റ് പങ്കുവെച്ച ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.

ഷാഫി അഞ്ച് നേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്, മറ്റേത് കാഫിറായ സ്ത്രീ ആണെന്നുമാണ് കാസിമിന്റെ പേരില്‍ പ്രചരിച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ കാസിം തന്നെയാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Content Highlight: kafir poster is fake says police in high court

We use cookies to give you the best possible experience. Learn more