| Friday, 4th September 2020, 8:55 am

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം ഞാനിവിടെ സുരക്ഷിതനായിരിക്കും; പ്രിയങ്കാ ഗാന്ധി നല്‍കിയ ഉറപ്പിലാണ് ജയ്പൂരിലേക്ക് മാറിയതെന്ന് ഡോ. കഫീല്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവര്‍ നല്‍കിയ ഉറപ്പിന്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

തന്നോട് രാജസ്ഥാനിലേക്ക് വരണമെന്ന് പറഞ്ഞ പ്രിയങ്ക അവിടെ താന്‍ സുരക്ഷിതനായിരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

” പ്രിയങ്കാ ഗാന്ധി എന്നെ വിളിച്ചിരുന്നു. എന്നോട് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ പറഞ്ഞു. സുരക്ഷിതമായ ഒരിടം രാജസ്ഥാനില്‍ നല്‍കാമെന്ന് ഉറപ്പ് തന്നു. യു.പി സര്‍ക്കാര്‍ എന്നെ മറ്റേതെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ ഉത്തര്‍പ്രദേശില്‍ നില്‍ക്കുന്നത് സുരക്ഷിതമായിരിക്കില്ലെന്നും അവര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ യു.പിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു,” കഫീല്‍ ഖാന്‍ പറഞ്ഞതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിയങ്കാ ഗാന്ധി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ കഫീല്‍ ഖാന്‍ താനും തന്റെ കുടുംബവും രാജസ്ഥാനില്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറുപ്പുണ്ടെന്നും വ്യക്തമാക്കി.

കടന്നുപോയ ഏഴര മാസക്കാലം താന്‍ ഒരുപാട് മാനസിക പീഡനവും ശാരീരിക പീഡനവും അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ ഒന്നാം തിയതിയാണ് അലഹബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ കോടതി അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അന്ന് 11 മണിയോടെ അദ്ദേഹത്തെ മോചിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്.

ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയുമായി.

തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

പിന്നീട് പൗരത്വ നിയമത്തിന് എതിരായ സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 10ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു.പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു.

അതേസമയം, കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചില്ല, മറിച്ച് ദേശീയോദ്ഗ്രഥനത്തിനും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നുമാണ് ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.

യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് കോടതി പറഞ്ഞു.

വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍, ജസ്റ്റിസ് സൗമിത്ര ദയാല്‍ സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്.

കഫീല്‍ ഖാനെ കുറ്റക്കാരനാക്കിയ ജില്ലാ മജിസ്ട്രേറ്റിന്റെ നടപടിയേയും കോടതി വിമര്‍ശിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Dr Kafeel Khan about Priyanka Gandhi and UP government

We use cookies to give you the best possible experience. Learn more