| Sunday, 1st March 2020, 11:25 am

'ജീവന്‍ അപായത്തിലാണോ എന്ന് ഭയമുണ്ട്, ജയിലില്‍ നേരിടുന്നത് മനുഷ്യത്വരഹിതമായ പെരുമാറ്റം'; കഫീല്‍ ഖാന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഷാബിസ്തഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗൊരഖ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ദേശീയ സുരക്ഷ നിയമം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ ഖാന്റെ ജീവന് സുരക്ഷ ആവശ്യപ്പെട്ട്
ഭാര്യ ഷാബിസ്തഖാന്‍.

കഫീല്‍ഖാന്റെ ജീവന്‍ അപായത്തിലാണോ എന്ന കാര്യത്തില്‍ ഭയമുണ്ടെന്നും അദ്ദേഹത്തിന് സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഷാബിസ്ത ഖാന്‍ അലഹബാദ് ചീഫ്ജസ്റ്റിസിന് കത്തയച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഫീല്‍ ഖാന്റെ ജീവന്‍ അപകടത്തിലാണോ എന്ന കാര്യത്തില്‍ തനിക്ക് ഭയം ഉണ്ടെന്നും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും ഷാബിസ്ത ഖാന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

” ജയിലില്‍ എന്റെ ഭര്‍ത്താവിന് മാനസിക പീഡനം നേരിടേണ്ടി വരുന്നുണ്ട്. മനുഷ്യത്വരഹിതമായാണ് അദ്ദേഹത്തിനോട് പെരുമാറുന്നത്,” ചീഫ് ജസ്റ്റിസിനും ആഭ്യന്തര ചീഫ്‌സെക്രട്ടറിക്കും ജയില്‍ ഡയരക്ടര്‍ ജനറലിനും എഴുതിയ കത്തില്‍ അവര്‍ പറയുന്നു.

കഫീല്‍ ഖാനെ സാധാരണ തടവുകാരോടൊപ്പം പാര്‍പ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

പൗരത്വ നിയമത്തിനെതിരെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി കേസെടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത ഡോ.കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് അറസ്റ്റു ചെയ്ത ഖാന് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും യു.പി സര്‍ക്കാര്‍ വിട്ടയിച്ചിരുന്നില്ല. ഫെബ്രുവരി 10ാം തിയതി ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹത്തെ വിട്ടയക്കുന്നത് പൊലീസ് വൈകിപ്പിക്കുകയായിരുന്നു. ജനുവരി 29 നാണ് കഫീല്‍ ഖാനെ അറസ്റ്റു ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പ്രതിയെന്ന് ആരോപിച്ച് ശിശുരോഗ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.കഫീല്‍ ഖാനെ ജയിലിലടച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയായിരുന്നു. സ്വകാര്യ കമ്പനികള്‍ ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ബി.ആര്‍.ഡി ആശുപത്രിയില്‍ 30 ലധികം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. എന്നാല്‍ 250 ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടിയന്തിരമായി ആശുപത്രിയിലെത്തിച്ച കഫീല്‍ ഖാന്റെ ഇടപെടലായിരുന്നു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. സ്വന്തം ചിലവിലിലായിരുന്നു ഡോ. കഫീല്‍ ഖാന്‍ ഓക്സിജന്‍ എത്തിച്ചത്.

എന്നാല്‍ ദുരന്തത്തിനുശേഷം കഫീല്‍ ഖാനെ പ്രതിയാക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം സ്വീകരിച്ചത്. ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കഫീല്‍ ഖാന്‍ രംഗത്തെത്തിയതോടെയാണ് യു.പി സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ യോഗി സര്‍ക്കാര്‍ പ്രതികാരനടപടിയുമായി മുന്നോട്ടുപോയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more