| Monday, 11th June 2018, 5:24 pm

'എന്റെ സഹോദരനായതിനാലാണ് ആക്രമണമുണ്ടായതെന്നത് നിഷേധിക്കാനാവില്ല': കഫീല്‍ ഖാന്‍ ഡൂള്‍ ന്യൂസിനോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗോരഖ്പൂര്‍: സഹോദരന്‍ ഭാഗ്യവശാല്‍ സുഖം പ്രാപിച്ചു വരികയാണെന്നും, തന്റെ സഹോദരനായതിനാലാണ് കാഷിഫ് ജമീലിനെതിരെ അക്രമമുണ്ടായതെന്നത് നിഷേധിക്കാനാവില്ലെന്നും ഡോ. കഫീല്‍ ഖാന്‍. കഴിഞ്ഞ ദിവസം സഹോദരനെതിരെയുണ്ടായ വെടിവയ്പ്പിനെക്കുറിച്ച് ഡൂള്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അമ്മയ്ക്കു വേണ്ടി ചില സാധനങ്ങള്‍ വാങ്ങാന്‍ പോയി തിരികെ വരികയായിരുന്നു അവന്‍. ഗോരഖ്‌നാഥ് ക്ഷേത്രത്തിനടുത്തെത്തിയപ്പോഴാണ് വെടിവയ്പ്പുണ്ടായത്. മുഖ്യമന്ത്രി തങ്ങിയിരുന്നത് ഇതിനടുത്തായിട്ടാണ്. അവിടെനിന്നും 500 മീറ്റര്‍ ദൂരത്തുവച്ചാണ് രണ്ടുപേര്‍ സ്‌കൂട്ടറില്‍ വന്ന് വെടിയുതിര്‍ത്തത്. മൂന്നു വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ചു കയറിയിരുന്നു. അതിലൊന്ന് കഴുത്തിലാണ് തുളച്ചു കയറിയത്. ഭാഗ്യവശാല്‍ അവനിപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.” കഫീല്‍ ഖാന്‍ പറഞ്ഞു.


ALSO READ:‘അല്ലാഹു കരുണ കാണിക്കട്ടെ, ഞാന്‍ വഴങ്ങാന്‍ പോകുന്നില്ല’; സഹോദരനെതിരായ ആക്രമണത്തില്‍ പ്രതികരണവുമായി കഫീല്‍ ഖാന്‍


രാത്രി പതിനൊന്നോടെ വെടിയേറ്റ ജമീലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വലതു കൈക്കും കഴുത്തിനും താടിക്കും പരിക്കേറ്റെങ്കിലും ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. “അവന്‍ എന്റെ സഹോദരനാണ്. തീര്‍ച്ചയായും ഇത് എനിക്കുനേരെയുള്ള നീക്കങ്ങളുടെ ഭാഗമായിരിക്കാന്‍ സാധ്യതയുണ്ട്. ഈ സംശയം തീര്‍ത്തും തള്ളിക്കളയാനാവില്ല.” കഫീല്‍ ഖാന്‍ പറയുന്നു.

അടിയന്തിര വൈദ്യസഹായം ആവശ്യമായിരുന്ന ജമീലിന്റെ ശസ്ത്രക്രിയ പോലീസ് വൈകിപ്പിച്ചു എന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. ശരീരത്തില്‍ തറച്ച ബുള്ളറ്റുകളുമായി നാലു മണിക്കൂറോളം കാത്തുകിടക്കേണ്ടി വന്നെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. “ചികിത്സ അവര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നു. 11 മണി മുതല്‍ നാലു മണിക്കൂര്‍ നേരം കാത്തിരിക്കേണ്ടി വന്നു.” കഫീല്‍ ഖാന്‍ ഡൂള്‍ ന്യൂസിനോടു പറഞ്ഞു.
സ്വകാര്യ നഴ്‌സിങ് ഹോമില്‍ കഴിയുന്ന ജമീലിനെ 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്.

2017 സെപ്തംബറിലാണ് ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ 30 കുട്ടികള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് ഡോക്ടര്‍ കഫീല്‍ ഖാനെ യു.പി. പോലീസ് അറസ്റ്റു ചെയ്യുന്നത്. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വന്തം നിലയ്ക്ക് വാങ്ങി നല്‍കിയ കഫീല്‍ ഖാനെ മരണങ്ങളുടെ ഉത്തരവാദിത്തം ചുമത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2018 ഏപ്രിലില്‍ അലഹബാദ് കോടതി ഇദ്ദേഹത്തിന് ജാമ്യമനുവദിച്ചിരുന്നു.
എട്ടുമാസത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ കഫീല്‍ ഖാന്‍ കേരളത്തിലടക്കം വിവിധ വേദികളിലെത്തി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more