തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അഭാവത്തെതുടര്‍ന്ന് എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലാക്കിയ ഡോക്ടര്‍ കഫീല്‍ഖാന്‍ കുടുംബത്തിനയച്ച കത്ത് ചര്‍ച്ചയാകുന്നു. ഗൊരഘ്പൂരിലെ ബാബാ റാഘവ് ദാസ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ പിടയുന്നത് കണ്ടപ്പോള്‍ പുറത്തുനിന്നും ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറക്കാന്‍ ശ്രമിച്ചതിന് ഹീറോ ആകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ ജയിലിലാക്കിയിരിക്കുന്നത്.
ലിക്വിഡ് ഓക്‌സിജണ്‍ സപ്ലൈ നിറുത്തലാക്കിയ 2017 ഓഗസ്റ്റ് 10 രാത്രിയില്‍ കുട്ടികളെ രക്ഷിക്കുന്നതിനായി ഒരു മനുഷ്യന് സാദ്ധമായതെല്ലാം താന്‍ ചെയ്തിരുന്നു എന്ന് ഡോ. കഫീല്‍ ഖാന്‍ തന്റെ കത്തില്‍ പറയുന്നു. കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന വിവരം ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനേയും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്തിനേയും അടക്കം ബന്ധപ്പെട്ട എല്ലാ അധികാരികളേയും അറിയിച്ചിരുന്നു എന്നും ആ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി ഗ്യാസ്, ബാലാജി, ഇമ്പീരിയല്‍ ഗ്യാസ്, മയൂര്‍ ഗ്യാസ് ഏജന്‍സി, ബി.ആര്‍.ഡി മെഡിക്കല്‍ കോളജിനടുത്തുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലും ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി വിളിച്ചിരുന്നു എന്ന് കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു.
ആംഡ് ബോര്‍ഡര്‍ ഫോഴ്‌സും ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കാന്‍ കഫീല്‍ ഖാനെ സഹായിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് കുടിശിക നല്‍കാതിരുന്ന ഒരു ഭരണപരാജയം വരുത്തിവച്ച ദുരന്തം തന്നെയും തന്റെ കൂടെയുണ്ടായിരുന്നവരേയും വിഷമിപ്പിച്ചതായി കഫീല്‍ ഖാന്‍ പറഞ്ഞു. 2017 ആഗസ്റ്റ് 13ന് രാവിലെ ലിക്വിഡ് ഓക്‌സിജന്‍ ടാങ്ക് എത്തുന്നത് വരെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നില്ല.
എന്നാല്‍ 2017 ആഗസ്റ്റ് 13ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞതെന്ന് കഫീല്‍ ഖാന്‍ വ്യക്തമാക്കി. “അദ്ദേഹം ചോദിച്ചു- അപ്പോള്‍ നിങ്ങളാണ് ഡോ.കഫീല്‍ അല്ലേ? നിങ്ങളാണോ സിലിണ്ടറുകള്‍ അറേഞ്ച് ചെയ്തത്? ഞാന്‍ പറഞ്ഞു- അതേ സര്‍. അദ്ദേഹം ദേഷ്യപ്പെട്ടു- അപ്പോള്‍ നിങ്ങള്‍ കരുതുന്നത് സിലിണ്ടറുകള്‍ കൊണ്ടുവന്നതുകൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണ്. നമുക്ക് കാണാം..”
ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങിനെയാണ് എന്നതുകൊണ്ടാകാം മുഖ്യമന്ത്രി ദേഷ്യപ്പെട്ടതെന്ന് കഫീല്‍ ഖാന്‍ കരുതുന്നു. എന്നാല്‍, താന്‍ മാധ്യമങ്ങളെ വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാന്‍ അള്ളാഹുവിനെക്കൊണ്ട് ആണയിടുന്നു, ഞാന്‍ അന്ന് രാത്രി ഒരു മാദ്ധ്യമപ്രവര്‍ത്തകനെയും വിവരമറിയിച്ചില്ല. അവര്‍ അന്ന് രാത്രിതന്നെ അവിടെയുണ്ടായിരുന്നു”. ഇതേതുടര്‍ന്ന്, പൊലീസ് തന്നേയും തന്റെ കുടുംബത്തേയും പീഢിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും കഫീല്‍ ഖാന്‍ പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നീതി ലഭിക്കുമെന്നും ഉറപ്പുള്ളതുകൊണ്ടാണ് കീഴടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, ആഗസ്റ്റ് 2017ല്‍ അറസ്റ്റിലായ അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിട്ടില്ല. കൃത്യം നടന്ന 2017 ആഗസ്റ്റ് 10ന് താന്‍ ഔദ്യോഗികമായി ലീവിലായിരുന്നിട്ട് കൂടി കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി പ്രവര്‍ത്തിച്ചത് കഫീല്‍ ഖാന്‍ ഓര്‍ക്കുന്നു. പുഷ്പ സെയില്‍സ് ഓക്‌സിജന്‍ സപ്ലൈ നിറുത്തിയതിനു താനെങ്ങനെ ഉത്തരവാദിയാവും, അദ്ദേഹം ചോദിക്കുന്നു. “മെഡിക്കല്‍ പശ്ചാത്തലമില്ലാത്തയാള്‍ക്കുപോലും ഡോക്ടര്‍മാര്‍ ചികില്‍സിക്കാനുള്ളവരാണ്, ഓക്‌സിജന്‍ വാങ്ങാനുള്ളവരല്ലെന്ന് മനസിലാകും”, അദ്ദേഹം പ്രതികരിച്ചു.
പുഷ്പ സെയില്‍സിന്റെ 68 ലക്ഷം രൂപ കുടിശിഖ ആവശ്യപ്പെട്ടയച്ച 14 റിമൈന്‍ഡറുകള്‍ക്ക് മേല്‍ നടപടിയെടുക്കാതിരുന്ന ഗോരഖ്പൂരിലെ ഡി.എമ്മും മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറും ഹെല്‍ത്ത് എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ് കുറ്റവാളികള്‍ എന്നും കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു. പുഷ്പ സെയില്‍സിന്റെ ഡയറക്ടര്‍ മനീഷ് ഭണ്ഡാരിക്ക് ജാമ്യം കിട്ടിയതും കത്തില്‍ എടുത്തു പറയുന്നുണ്ട്.
ഡോ. നെല്‍സണ്‍ ജോസഫ് തയ്യാറാക്കിയ ഡോ. കഫീല്‍ ഖാന്റെ കത്തിന്റെ മലയാള പരിഭാഷ-