|

'ഒ.ടി.ടിയില്‍ കടുവയിറങ്ങി'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും തുടങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളുകള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു കടുവ. തിയേറ്ററുകളില്‍ വമ്പന്‍ വിജയമായ ചിത്രം ലോകമെമ്പാടുനിന്നും 50 കോടിയിലധികം രൂപയാണ് കളക്ഷനായി നേടിയത്.

ജൂലൈ ഏഴിന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ആഗസ്റ്റ് നാലിനാണ് ഒ.ടി.ടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയിയില്‍ നിലവില്‍ ചിത്രം കാണാന്‍ കഴിയും.

ചിത്രം ഒ.ടി.ടിയില്‍ എത്തിയത്തോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

സാധാരണ തിയേറ്ററില്‍ റിലീസ് ചെയ്ത് മികച്ച അഭിപ്രായം കിട്ടിയ പല ചിത്രങ്ങളും ഒ.ടി.ടിയില്‍ എത്തുമ്പോള്‍ മോശം അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് പതിവാണ്. തിയേറ്ററില്‍ കാണാനും മാത്രം എന്താണ് ഇതില്‍ ഉള്ളതെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ നിരവധി ചിത്രങ്ങളെ പറ്റി ചോദിക്കാറുമുണ്ട്.

കടുവയെയും അത്തരത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യപ്പെടും എന്നാണ് ചര്‍ച്ചകളില്‍ നിരവധി പേര്‍ പറയുന്നത്.

ചിത്രം സ്ട്രീമിങ് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പല ട്രോള്‍ ഗ്രൂപ്പുകളിലും ഇത്തരത്തില്‍ പല ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ചിത്രം തിയേറ്ററില്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ വിവാദം പോലെ തന്നെ ഒ.ടി.ടി റിലീസിനും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നു. കടുവയുടെ ഒ.ടി.ടി റിലീസ് തടയണമെന്ന ആവശ്യവുമായി കടുവക്കുന്നേല്‍ കുറുവച്ചന്‍ കോടതിയെ സമിപ്പിച്ചതായിയിരുന്നു ഇതിന് കാരണം.

എന്നാല്‍ കുര്യച്ചന്‍ പേര് മാറ്റിയ പതിപ്പ് ഇന്ത്യയില്‍ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കുറുവച്ചന്‍ എന്നുതന്നെയാണ് പേര് എന്നുമാണ് കുറുവച്ചന്റെ പുതിയ പരാതി.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight : Kaduva now streaming on Amazon prime videos social media discussions are started