| Thursday, 14th July 2022, 1:14 pm

ഛെ, ലാത്തിച്ചാര്‍ജ്ജ് ഇല്ലല്ലോ, കലാപവും ഇല്ല, ശരിയാക്കാം ; ഷാജി ചേട്ടന് വേണ്ടി തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി; രസകരമായ കമന്റുമായി കടുവ തിരക്കഥാകൃത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങിയ കടുവ. ഷാജി കൈലാസിന്റെ കരിയറിലെ ഒരു തിരിച്ചുവരവായും കടുവയെ വിലയിരുത്തുന്നുണ്ട്.

ഒരു പക്കാ മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുങ്ങിയ ചിത്രം ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതിനെ കുറിച്ചും ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നറിഞ്ഞതോടെ തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം.

ഷാജി ചേട്ടനാണ് സംവിധാനം ചെയ്യുന്നത് എന്നറിഞ്ഞതോടെ ലാത്തിച്ചാര്‍ജും കലാപവുമൊക്കെ താന്‍ ആഡ് ചെയ്യുകയായിരുന്നു എന്നാണ് ജിനു പറയുന്നത്.

‘ഷാജി ചേട്ടന് വേണ്ടിയാണ് ഇത് എഴുതുന്നത് എന്നൊരു ഫീല്‍ ആദ്യം ഇല്ലായിരുന്നല്ലോ. ഞാന്‍ ആദ്യം ഒരു തിരക്കഥയുമായി രാജു ചേട്ടന്റെ അടുത്ത് പോകുകയായിരുന്നു. എനിക്ക് എല്ലാ ജോണറിലും വരുന്ന സിനിമ ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. 90സ് കിഡ് ആയതുകൊണ്ട് ഇവരുടെയൊക്കെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്.

ഡെന്നിസ് ജോസഫിന്റെ എഴുത്തിന്റെ വലിയൊരു ആരാധകനാണ് ഞാന്‍. അങ്ങനെ ഒരു സിനിമ പുതിയ കഥ അത്തരമൊരു പാറ്റേണില്‍ പറഞ്ഞാല്‍ എങ്ങനെ ഇരിക്കുമെന്ന ആലോചനയില്‍ നിന്നാണ് ഈ കഥ വരുന്നത്. തിരക്കഥ ആയ ശേഷം ഞാന്‍ രാജു ചേട്ടന്റെ അടുത്ത് പോയി. അവിടുന്ന് ഞങ്ങള്‍ ഷാജി ചേട്ടനിലേക്ക് എത്തി. ഷാജിയേട്ടനിലേക്ക് എത്തിയ ശേഷം ഞാന്‍ ഒന്നുകൂടി ഇരുന്നു. എന്നിട്ട് നോക്കി. ലാത്തിച്ചാര്‍ജ്ജ് ഇല്ലല്ലോ, ഛെ, കലാപം ഇല്ല. ആ കുറവ് വേണ്ട (ചിരി) അങ്ങനെ എല്ലാം ഞാന്‍ പുള്ളിക്ക് വേണ്ടി രണ്ടാമത് റീസെറ്റ് ചെയ്തു (ചിരി). ഇത് വായിച്ച ശേഷം പുള്ളി എന്നോടു ചോദിച്ചു. എന്തോന്ന് മോനെ ഇത്. അങ്ങനെയാണ് വരുന്നത്. ഭയങ്കര വലിയ എക്‌സ്പീരിയന്‍സാണ് ഇത്, ജിനു വി. എബ്രഹാം പറഞ്ഞു.

കടുവ 2 ചെയ്യാന്‍ പ്ലാന്‍ ഉണ്ടെന്നും അതിന് മുന്‍പ് കടുവയുടെ ഒരു പ്രീക്വല്‍ കൂടി ചെയ്യണമെന്നുണ്ടെന്നും ജിനു പറഞ്ഞു. കടുവക്കുന്നേല്‍ കോരത് മാപ്ലയുടെ കഥ ചെയ്യണമെന്നുണ്ട്. മെഗാ സ്റ്റാറില്‍ ആരെങ്കിലുമൊരാള്‍ ആ കഥാപാത്രത്തെ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ജിനു പറഞ്ഞു.

19ാം വയസില്‍ കൂട്ടിക്കല്‍ വനത്തില്‍ വെച്ച് ദിവാന്‍ സി.പിക്കെതിരെ ആയുധമെടുത്ത കോരതു മാപ്ലയുടെ കഥ. അതു ചെയ്യണമെന്നുണ്ട്. പാലയുടേയും മുണ്ടക്കയത്തിന്റേയും 50കളിലേയും 60 കളിലേയും കുടിയേറ്റത്തിന്റെ കഥയാണ്. ശരിക്കും പറഞ്ഞാല്‍ പ്രീക്വലിന്റേയും സീക്വലിന്റേയും ഇടയ്ക്കുള്ള ചെറിയൊരു ഏരിയ മാത്രമാണ് നമ്മള്‍ ഇപ്പോള്‍ കണ്ട കടുവ. ഇവിടെ നിന്നും നമ്മള്‍ പുറകോട്ടും മുന്നോട്ടും പോവുകയാണ്, ജിനു പറഞ്ഞു.

ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും കൂടിയാണ് ജിനു എബ്രഹാം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്.

Content Highlight: Kaduva Movie Script Writer Jinu V Abraham about Shaji Kailas and Script

We use cookies to give you the best possible experience. Learn more