Kaduva Review | 'തന്തക്ക് പിറന്ന' ഒരു സമ്പൂര്‍ണ്ണ 90s അടിപ്പടം
Film Review
Kaduva Review | 'തന്തക്ക് പിറന്ന' ഒരു സമ്പൂര്‍ണ്ണ 90s അടിപ്പടം
അന്ന കീർത്തി ജോർജ്
Friday, 8th July 2022, 9:52 pm

അടി ഇടി പൂരമാണ് കടുവ. ഷാജി കൈലാസിന്റെ ഹിറ്റ് മാസ് പടങ്ങളുടെ നൊസ്റ്റാള്‍ജിക് ഫീല്‍ തരുന്ന, പൃഥ്വിരാജിന്റെ സിനിമയാണിത്. നായകന്‍, കലിപ്പ്, വില്ലന്‍, പക, കുടിപ്പക, തന്തയ്ക്ക് പിറക്കല്‍ ഡയലോഗ്‌സ് എന്നു തുടങ്ങി നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള എല്ലാ മാസ് മൂവി എലമെന്റ്‌സും ചേര്‍ത്തിരിക്കുന്ന സിനിമ. കടുവ ഒരു മാസ് മൂവി എന്ന നിലയില്‍ മേക്കിങ്ങ് കൊണ്ട് തിയേറ്ററില്‍ കുറച്ചൊക്കെ സാറ്റിസ്‌ഫൈ ചെയ്യുന്നുണ്ടെങ്കിലും, വളരെയധികം താല്‍പര്യത്തോടെ കണ്ടിരിക്കാന്‍ സാധിക്കുന്ന ഒരു പ്ലോട്ടോ തിരക്കഥയോ സിനിമയിലുണ്ടായിരുന്നില്ല. ഒരു മെഡിക്കല്‍ കണ്ടീഷനെ സിനിമ അവതരിപ്പിച്ചതും വളരെയധികം പ്രോബ്ലമാറ്റിക്കായിരുന്നു.

ഷാജി കൈലാസ് സ്റ്റൈല്‍ തിയേറ്ററിലിരുന്ന് എന്‍ജോയ് ചെയ്യാന്‍ പറ്റിയ സിനിമയാണ് കടുവ. സംഘട്ടന സീനുകളും നായകന്‍ മുണ്ടു മടക്കി കുത്തിയും ഡയലോഗടിച്ചും മാസാകുന്നതും മടുപ്പിക്കാതെ അവതരിപ്പിക്കാന്‍ ഷാജി കൈലാസിന് കഴിഞ്ഞിട്ടുണ്ട്. പുതുമയില്ലെങ്കിലും ആ മേക്കിങ്ങിലെ സ്റ്റൈല്‍ രസം ചോരാതെ നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

90കളിലും രണ്ടായിരങ്ങളിലും ഇറങ്ങിയിരുന്ന പടങ്ങളില്‍ നിന്നും ഒരു വ്യത്യസ്തതയും കടുവയ്ക്കില്ല. ഇനി അതുകൊണ്ടാണോ പ്ലോട്ട് 90സില്‍ തന്നെ പ്ലേസ് ചെയ്തത് എന്നറിയില്ല. ബട്ടര്‍ഫ്‌ളൈ ഇഫക്ടിന്റെ ഒരു വേര്‍ഷന്‍ സിനിമയിലുണ്ട്. ഒരു പിയാനോയിലും പള്ളീലച്ചനിലും തുടങ്ങി കുറെ സംഭവങ്ങള്‍ക്ക് ശേഷം വമ്പന്‍ കാര്യങ്ങളില്‍ ചെന്ന് അവസാനിക്കും. ഈ ഭാഗത്തെ സീക്വന്‍സ് ഓഫ് ഇവന്റ്‌സും കാര്യങ്ങളെ കൈവിട്ട രൂപത്തിലേക്ക് കൊണ്ടുപോകുന്ന ചില ഡയലോഗുകളും മികച്ചതായിരുന്നു. പക്ഷെ ആ ചടുലത രണ്ടാം പകുതിയിലെ ഒരു ഘട്ടത്തിന് ശേഷം നഷ്ടപ്പെടുകയാണ്.

മലയാളത്തില്‍ പണ്ട് ഇറങ്ങിയിരുന്ന മാസ് മൂവികളില്‍ എന്തൊക്കെയുണ്ടായിരുന്നോ അതെല്ലാം കടുവയിലുണ്ട്. കയ്യൂക്കും നെഞ്ച് വിരിവും ‘നല്ല തന്തയ്ക്ക് പിറന്നതിന്റെ’ ഗുണങ്ങളും കൊണ്ട് ആരെയും എന്തിനെയും മുണ്ടു മടക്കി കുത്തി നേരിടാനിറങ്ങുന്ന നല്ലവനായ നായകന്‍, തകര്‍ന്നുപോകുന്ന ഫ്‌ളാഷ്ബാക്കുള്ള എല്ലാ വൃത്തികേടും ചെയ്യുന്ന വില്ലന്‍, ഇവരുടെ വീട്ടിലെ ചില കാര്യങ്ങള്‍, നായകന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍/ശിങ്കിടികള്‍, നായകന്റെ ഇന്‍ട്രോ പറയാന്‍ ഒരു ക്യാരക്ടര്‍, നായകനും വില്ലനും തമ്മിലുള്ള പകയും പകപോക്കലും, പൊലീസുകാരെ അടിച്ചു നിലംപരിശാക്കല്‍, അതിലും മാസായ ഇടികള്‍, സ്ലോ മോഷന്‍, മാസ് മ്യൂസിക് അങ്ങനെ അങ്ങനെ…

ഇതൊക്കെ തന്നെയാണ് എല്ലാ ഭാഷകളിലെയും മാസ് സിനിമകളിലുണ്ടാവുക. അവ രസകരമായി അവതരിപ്പിക്കുന്ന സിനിമകളെല്ലാം തിയേറ്ററില്‍ കയ്യടികള്‍ വാരിക്കൂട്ടാറുമുണ്ട്. കടുവയില്‍ ചില എലമെന്റുകളെല്ലാം വര്‍ക്കൗട്ട് ആകുമ്പോള്‍ ബലമില്ലാത്ത കഥയും തിരക്കഥയും കൊണ്ട് പലതും ബോറടിപ്പിക്കുകയാണ്. പ്രെഡിക്ടിബിളിറ്റിയും അത്ര ട്വിസ്റ്റടിപ്പിക്കാത്ത ട്വിസ്റ്റുകളുമാണ് തിരക്കഥയുടെ വേഗത കുറക്കുന്നത്.

ജിനു വി. എബ്രഹാമിന്റെ തിരക്കഥ ഗ്രിപ്പിങ്ങായ മോഡിലല്ല പോകുന്നത്. കഥാപാത്രങ്ങള്‍ തമ്മില്‍ ക്ലാഷ് വരുന്ന കാരണങ്ങള്‍ക്ക് ആവശ്യമായ ബലമില്ലായിരുന്നു. കുരിയച്ചന്‍ എന്ന നായകനെ കുറിച്ച് പലരും പലതും പറയുന്നുണ്ടെങ്കിലും ഈ കഥാപാത്രവുമായി പ്രേക്ഷകരെ കണക്ട് ചെയ്യിപ്പിക്കുന്ന സ്‌ട്രോങ്ങ് പോയിന്റ്‌സ് ഇല്ലായിരുന്നു.

സിനിമയില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും പ്രതിപാദിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയ പല വൈദീകരെയും എങ്ങനെയാണ് സഭ സംരക്ഷിക്കുന്നതെന്ന് കടുവയില്‍ പറയുന്നുണ്ട്. റോബിന്‍ വടക്കുംചേരി കേസ് ഒക്കെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു രാഹുല്‍ മാധവിന്റെ അച്ചന്‍ ക്യാരക്ടര്‍. രാഷ്ട്രീയക്കാരും സഭയും നടത്തുന്ന ‘പരസ്പര സഹായങ്ങളും’ പൊലീസിലെയും കുറ്റകരമായ പ്രവര്‍ത്തനങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. പൂന്തുറ കലാപവും പ്ലോട്ടില്‍ കടന്നുവരുന്നുണ്ട്.

അതേസമയം ഏറെ അപകടം പിടിച്ച ബോധ്യങ്ങളോടെയാണ് ഡൗണ്‍ സിന്‍ഡ്രോമുള്ള ഒരു കഥാപാത്രത്തെ കടുവ അവതരിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ ചെയ്യുന്ന ദുഷ്പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടി വരുന്നത് പലതും മക്കളായിരിക്കുമെന്നാണ് ഡ്രൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയുടെ അച്ഛനോട് നായകനായ കുരിയച്ചന്‍ പറയുന്നത്. ആ ശാരീരികാവസ്ഥയെയും അത്തരം കുട്ടികളെയും ഒരു ശാപമായി, ആ കുട്ടികളുടെ മാതാപിതാക്കളെ തെറ്റുകാരായി ചിത്രീകരിക്കുന്ന ഡയലോഗായിരുന്നു അത്. അശാസ്ത്രീയമെന്ന് മാത്രമല്ല, വളരെ പിന്തിരിപ്പനായ, ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരെ അവഹേളിക്കുന്ന ഡയലോഗായിരുന്നു അത്.

തൊണ്ണൂറുകളിലെ ഒരു മനുഷ്യന്റെ തോന്നലല്ലേ അത് കാണിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് തിരിച്ചു ചോദിക്കാം. പക്ഷെ 2022ല്‍ ഇറങ്ങുന്ന ഒരു സിനിമ അതേ ചിന്താഗതിയെ ഉയര്‍ത്തിപ്പിടിക്കേണ്ടതില്ലല്ലോ. അതും ഇത്തരം ജനിറ്റിക് ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ഒരുപാട് സ്റ്റിഗ്മ ഇന്നും നിലനില്‍ക്കുന്ന ഘട്ടത്തില്‍. സിനിമയില്‍ പല ആവര്‍ത്തി കേട്ടു മടുത്തത്, തന്തയ്ക്ക് പിറന്നതിന്റെ ഗുണം, തന്തക്ക് പിറക്കാത്തതിന്റെ ദോഷം, നല്ല തന്ത എന്നിങ്ങനെ കുറെ ‘തന്ത വാഴ്ത്തുപ്പാട്ടുകളായിരുന്നു.

അഭിനന്ദ് രാമാനുജം മാസ് മൂഡ് നിറയും വിധം ക്യാമറ ചെയ്തിട്ടുണ്ട്. മാഫിയ ശശിയുടെ സ്റ്റണ്ട് മികച്ചതാക്കാന്‍ ഈ ക്യാമറ വര്‍ക്കിന് പറ്റുന്നുണ്ട്. പക്ഷെ ലൈറ്റിന്റെ ഒരു നീല ഗ്ലെയര്‍ പല സീനിലും ഒരു ലൈന്‍ രൂപത്തില്‍ വന്നിരുന്നു. അതിനി എന്തെങ്കിലും സ്റ്റൈലാണോന്ന് അറിയില്ല, എന്തായാലും ആസ്വദനത്തെ അസ്വസ്ഥതപ്പെടുത്തും വിധമായിരുന്നു ഇത്.

കടുവയില്‍ സത്യത്തില്‍ ഏറ്റവും കിടുവായി തോന്നിയത് ബാക്ക്ഗ്രൗണ്ട് സ്‌കോറാണ്. അതില്‍ തന്നെ ജേക്ക്‌സ് ബിജോയ് കുരിയച്ചന്‍ എന്ന ക്യാരക്ടറിന് കൊടുത്തിരിക്കുന്ന ആ ബീറ്റ് തിയേറ്ററിലിരുന്ന് കേള്‍ക്കാന്‍ ഗംഭീരമായിരുന്നു. സിനിമയുടെ പല വീക്ക് പോയിന്റ്‌സിനെയും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ മ്യൂസികായിരുന്നു.

കുരിയച്ചനെ പൃഥ്വിരാജ് മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വിവേക് ഒബ്‌റോയി മലയാളത്തിലേക്കുള്ള തന്റെ രണ്ടാം വരവില്‍ വളരെ വികാരഭരിതനായ വില്ലന്‍ പൊലീസായാണ് എത്തിയിരിക്കുന്നത്. കുരിയച്ചനേക്കാള്‍ കണക്ഷന്‍ ഫീല്‍ ചെയ്തത് ഈ വില്ലനോടായിരുന്നു.

സിനിമയില്‍ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളൊന്നുമില്ല. സംയുക്ത മേനോന്റെ ഭാര്യവേഷത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സീമയുടെ തിരുതചേടത്തി വളരെ കുറച്ച് സമയമേയുള്ളുവെങ്കിലും സ്‌ക്രീന്‍ പ്രെസന്‍സ് കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട്. ബിജുവിന്റെ കോര എന്ന ക്യാരക്ടര്‍ ഒരു അടിക്കിടെ പൊലീസുകാരനോട് പറയുന്ന ഡയലോഗാണ് സിനിമയിലെ ഏറ്റവും ചിരിപ്പിച്ച സീന്‍. മികച്ച സിറ്റുവേഷണല്‍ കോമഡിയായിരുന്നു അത്. അലന്‍സിയറും അര്‍ജുന്‍ അശോകനുമാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കടുവ രണ്ടാം ഭാഗത്തിനുള്ള തിരിയിട്ടുകൊണ്ടാണ് അവസാനിക്കുന്നത്. പോരായ്മകളേറെയുണ്ടെങ്കിലും മാസ് ചിത്രമെന്ന നിലയില്‍ ഒരുപക്ഷെ തിയേറ്ററുകളില്‍ കടുവ തരക്കേടില്ലാത്ത വിജയം നേടാനാണ് സാധ്യത.

Content Highlight: Kaduva Movie Review | Prithviraj | Shaji Kailas

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.