|

തടസങ്ങള്‍ മറികടന്ന് 'കടുവ'ക്ക് പാക്ക് അപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംവിധായകന്‍ ഷാജി കൈലാസും വിവേക് ഒബ്‌റോയിയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും ഒന്നിച്ചുള്ള ചിത്രവും ലിസ്റ്റിന്‍ പങ്കുവെച്ചിട്ടുണ്ട്.

‘കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സിനിമയില്‍ അഭിനയിക്കുന്നത്. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ വില്ലനായ ഡി.ഐ.ജിയായി എത്തുന്നത്.

ഹൈക്കോടതി സ്‌റ്റേ ഉള്‍പ്പെടെ നിരവധി തടസങ്ങളാണ് ചിത്രീകരണത്തിനിടയില്‍ നേരിടേണ്ടി വന്നത്. കുരുവിനാല്‍കുന്നില്‍ കുറുവച്ചന്‍ ചിത്രം തനിക്ക് മാനസിക വിഷമം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ വന്നത്. ഇദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.

പിന്നീട് കടുവയുടെ ഷൂട്ടിംഗ് സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മോശം ഭക്ഷണം നല്‍കിയെന്ന പരാതിയും ഉയര്‍ന്നിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ‘കടുവ’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം എറണാകുളം സബ്‌കോടതി തല്‍ക്കാലം തടഞ്ഞിരുന്നു.

ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ‘കടുവ’ എന്ന ചിത്രം പൃഥ്വിരാജിന് പ്രതീക്ഷയുള്ള ഒന്നാണ്.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് രഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Content Highlight: kaduva movie pack up