|

ഇനി കടുവയുടെ ഗര്‍ജ്ജനം ഒ.ടി.ടിയില്‍; റിലീസ് പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീണ്ട കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ സംവിധായകനാണ് ഷാജി കൈലാസ്. പൃഥ്വിരാജ് നായകനായെത്തിയ കടുവക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴും ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയകരമായ തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ചിത്രം ഓ.ടി.ടിയില്‍ റിലീസ് ചെയ്യുന്ന തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആഗസ്റ്റ് നാലിന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങുക.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച് ആമസോണ്‍ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തടയണമെന്ന് ആവശ്യപെട്ട് വീണ്ടും ഹരജിയുമായി പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.

ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ശേഷമായിരുന്നു ജൂലൈ ഏഴിന് കടുവ തിയേറ്ററില്‍ റിലീസ് ചെയ്തത്. കോടതി വിധി അനുസരിച്ച് പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്നതില്‍ നിന്നും കുര്യച്ചന്‍ എന്ന പേരിലേക്ക് മാറ്റിയാണ് റിലീസ് ചെയ്തത്. എന്നാല്‍ കുര്യച്ചന്‍ പേര് മാറ്റിയ പതിപ്പ് ഇന്ത്യയില്‍ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കുറുവച്ചന്‍ എന്നുതന്നെയാണ് പേര് എന്നുമായിരുന്നു ജോസ് കുരുവിനാക്കുന്നേലിന്റെ പരാതി.

ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ വിവരങ്ങള്‍ തെളിവായി സമര്‍പ്പിച്ചുകൊണ്ടാണ് കുറുവച്ചന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. നേരത്തെ കുറുവച്ചന്‍ തിയറ്ററിലെത്തി ചിത്രം കണ്ടത് തെളിവുകള്‍ ശേഖരിക്കാനാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.


അതേസമയം ഈ ചിത്രത്തിന് കുറുവച്ചന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്നും തിരക്കഥാകൃത്ത് ജിനു എബ്രഹാം എഴുതിയ വെറുമൊരു സങ്കല്‍പ കഥയാണ് കടുവയെന്നുമായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ മറുപടി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്.

Content Highlight : Kaduva Movie ott release date announced