പൃഥ്വിരാജിന്റെ വാക്കുകള്‍ കടമടുത്താല്‍ മലയാള സിനിമക്ക് എവിടെയെക്കെയോ നഷ്ടമായ മാസ് സിനിമയെ തിരിച്ചു കൊണ്ടുവരുകയായിരുന്നു കടുവ. അതിനായി നിയോഗിക്കപ്പെട്ടതാവട്ടെ രണ്ടായിരങ്ങളിലെ മാസ് സംവിധായകന്‍ ഷാജി കൈലാസും. പറഞ്ഞ കഥയും 90കളിലേതായിരുന്നു.
പാലായിലെ പ്ലാന്ററായ കടുവാക്കുന്നേല്‍ കുര്യച്ചനും ഐ.ജി. ജോസഫ് ചാണ്ടിയും തമ്മിലുള്ള പകയുടെയും പ്രതികാരത്തിന്റെയും കഥയാണ് കടുവ പറയുന്നത്. ചിത്രത്തിന്റെ കഥക്കൊപ്പം തന്നെ രാഷ്ട്രീയവും സഭയുമായും ബന്ധപ്പെട്ട ചില റഫറന്‍സുകളും പറയുന്നുണ്ട്.
ചിത്രത്തിന്റെ തുടക്കത്തില്‍ ഒരു പള്ളിക്കുള്ളില്‍ നടക്കുന്ന ഒരു പ്രശ്‌നപരിഹാര രംഗം കാണിക്കുന്നുണ്ട്. പ്രശ്‌നം ബലാത്സംഗ കേസാണ്. പ്രതിയായിരിക്കുന്നത് ഒരു വൈദികനും. കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും സഭ ഇയാളെ വൈദികവൃത്തിയില്‍ നിന്നും മാറ്റിനിര്‍ത്താതെ വെറും സ്ഥലംമാറ്റത്തിലൊതുക്കുന്നത് അദ്ദേഹത്തിന്റെ ഉന്നത രാഷ്ട്രീയബന്ധങ്ങള്‍ മൂലമാണ്. ചിത്രത്തിന്റെ തുടക്കത്തില്‍ കാണിക്കുന്ന പീഡനക്കേസിന് ഒരു റിയല്‍ ലൈഫ് റഫറന്‍സുമായി സാമ്യമുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 20 വര്‍ഷം തടവ് ലഭിച്ച റോബിന്‍ വടക്കുംചേരി കേസിനോട് സമാനമാണ് കടവയിലെ വൈദികനായ റോബിന്‍ പൂവമ്പാറയുടേത്. സ്ത്രീകളെ ശല്യം ചെയ്യുന്ന ഈ വൈദികനെ പിന്നീട് നായകനായ കുര്യച്ചന്‍ തല്ലി ഇഞ്ചപ്പരുവമാക്കി കിണറ്റിലിടുന്നുണ്ട്. കന്യാസ്ത്രീകളെ കിണറ്റില്‍ കണ്ടെത്തുന്ന സംഭവങ്ങള്‍ക്ക് ബദലായിട്ടായിരിക്കാം ചിത്രത്തില്‍ ഇത്തരമൊരു രംഗം വന്നത്.
പീഡനക്കേസുകളില്‍ സാധാരണക്കാര്‍ക്കൊപ്പമോ ഇരക്കൊപ്പമോ നില്‍ക്കാതെ വൈദികരെ പിന്താങ്ങുന്ന സഭയുടെ നിലപാടിനെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് സിനിമ ഇവിടെ. ഇതുപോലെ രാഷ്ട്രീയപാര്‍ട്ടികളും സഭയും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടുകളും സഭയില്‍ നടക്കുന്ന തെറ്റുകളും കടുവയില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതുപോലെ തന്നെ 90കളിലെ ചില രാഷ്ട്രീയ റഫറന്‍സുകളും കടുവയിലുണ്ട്. ചിത്രത്തില്‍ മുഖ്യമന്ത്രിയായ ജനാര്‍ദനന്റെ കഥാപാത്രം അന്തരിച്ച മുന്‍മുഖ്യമന്ത്രി കരുണാകരനെ അനുസ്മരിപ്പിക്കുന്നതാണ്. 90കളിലെ കോണ്‍ഗ്രസ് രാഷ്ട്രീയവും ഗ്രൂപ്പുകളുടെ കാലുവാരലുമെല്ലാം ചിത്രത്തില്‍ കാണാനാവും.
കഴിഞ്ഞ ജൂലൈ ഏഴിന് തിയേറ്റുകളിലെത്തിയ ചിത്രം വലിയ വാണിജ്യവിജയമാണ് നേടിയത്. ഓഗസ്റ്റ് നാലിന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചതോടെ ചിത്രം വീണ്ടും ചര്‍ച്ചയിലേക്ക് വന്നിരുന്നു. പൃഥ്വിരാജിന് പുറമേ സംയുക്ത മേനോന്‍, വിവേക് ഒബ്രോയ്, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: kaduva movie mentions the unholy alliances between political parties and the church and the mistakes that are being made in the church