| Friday, 5th August 2022, 2:14 pm

കടുവയില്‍ ബൈജുവിന്റെ റോളില്‍ എത്തേണ്ടിയിരുന്നത് ദിലീഷ് പോത്തന്‍; നിരവധി സീനുകള്‍ എടുത്തശേഷം പിന്മാറേണ്ടി വന്നു: തിരക്കഥാകൃത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തുവന്ന കടുവ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചാണ് കടന്നുപോയത്. പൃഥ്വിരാജിന്റേയും വിവേക് ഒബ്രോയിയുടേയുമെല്ലാം കഥാപാത്രങ്ങള്‍ പല രീതികളില്‍ ചര്‍ച്ചയായി.

തിയേറ്ററിലെ വലിയ വിജയത്തിന് ശേഷം ചിത്രം ഇപ്പോള്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രമേയവും മേക്കിങ്ങും ഇഷ്ടപ്പെട്ടെന്ന് പറയുന്നവരും എന്നാല്‍ 90 കളില്‍ നിന്ന് ഷാജി കൈലാസ് ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരുമെല്ലാം ഉണ്ട്. അതേസമയം ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രകടനങ്ങളെല്ലാം വലിയ രീതിയില്‍ പ്രശംസിക്കപ്പെടുന്നുമുണ്ട്.

ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കടുവാക്കുന്നേല്‍ കുര്യച്ചന്റെ സഹായികളായി എത്തിയത് ബൈജുവും അലന്‍സിയറുമായിരുന്നു. മികച്ച പ്രകടനമായിരുന്നു ഇരു താരങ്ങളും ചിത്രത്തില്‍ കാഴ്ചവെച്ചത്.

എന്നാല്‍ ചിത്രത്തില്‍ ഇരുവരും ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് വേറെ രണ്ട് താരങ്ങളായിരുന്നെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ജിനു എബ്രഹാം.

ചിത്രത്തിന്റെ തിരക്കഥ എഴുതുന്ന സമയത്ത് താന്‍ മനസില്‍ കണ്ട പല കഥാപാത്രങ്ങളേയും പിന്നീട് മാറ്റേണ്ടി വന്നിട്ടുണ്ടെന്നാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജിനു പറഞ്ഞത്. ഷൂട്ട് തുടങ്ങിയ ശേഷമാണ് പല കഥാപാത്രങ്ങളേയും മാറ്റിയതെന്നും ജിനു പറഞ്ഞു.

ചിത്രത്തില്‍ ബൈജു അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്തത് ദിലീഷ് പോത്തന്‍ ആയിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നെന്നുമാണ് ജിനു അഭിമുഖത്തില്‍ പറയുന്നത്.

ബൈജു ചേട്ടന്‍ ചെയ്ത റോള്‍ ആദ്യം ചെയ്തത് ദിലീഷേട്ടന്‍ ആയിരുന്നു. ഒരാഴ്ചയോളം അദ്ദേഹം ഷൂട്ടിനായി വന്നിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ കാല് ഫ്രാക്ചറായി. അങ്ങനെ അത് പൂര്‍ത്തിയാക്കാന്‍ പറ്റാതെ അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. അങ്ങനെയാണ് ബൈജു ചേട്ടന്‍ വരുന്നത്. ദിലീഷ് പോത്തന്‍ ചെയ്ത രംഗങ്ങള്‍ ഒക്കെ പിന്നീട് ബൈജു ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്യുകയായിരുന്നു, ജിനു പറഞ്ഞു.

തിരക്കഥ എഴുതുമ്പോള്‍ വിവേക് ഒബ്രോയിയുടെ മുഖമായിരുന്നോ വില്ലന് എന്ന ചോദ്യത്തിന് വിവേക് ഒബ്രോയ് ആയിരുന്നില്ല അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു മനസില്‍ എന്നായിരുന്നു ജിനുവിന്റെ മറുപടി.

‘ ഞങ്ങള്‍ അരവിന്ദ് സ്വാമിയെ സമീപിച്ചിരുന്നു. അപ്പോഴാണ് അദ്ദേഹം മലയാളത്തില്‍ മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തുവെന്ന് അറിഞ്ഞത്. രണ്ട് സിനിമകള്‍ തമ്മില്‍ ഡേറ്റ് ക്ലാഷ് ഉണ്ടായി. അതിന് ശേഷമാണ് വിവേക് ഒബ്രോയില്‍ എത്തുന്നത്. എന്റെ മനസിലെ സെക്കന്റ് ഓപ്ഷനായിരുന്നു വിവേക് ഒബ്രോയ്.

കടുവയില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്നായിരുന്നു നിര്‍ബന്ധം എന്ന ചോദ്യത്തിന് പൃഥ്വിരാജ് എന്തായാലും ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ജിനുവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

ചിത്രത്തില്‍ അലന്‍സിയര്‍ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് നടന്‍ സിദ്ധിഖ് ആയിരുന്നെന്നും ജിനു എബ്രഹാം പറഞ്ഞു. ‘അലന്‍സിയര്‍ ചേട്ടന് പകരം സിദ്ദിഖായിരുന്നു ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം രണ്ട് ദിവസം വന്ന് അഭിനയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം കൊവിഡ് വന്ന് പടം നിര്‍ത്തിക്കഴിഞ്ഞപ്പോള്‍ പുള്ളിക്ക് ഡേറ്റ് പ്രശ്നമായി. പിന്നീട് അലന്‍സിയര്‍ ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്യുകയായിരുന്നു.

അതുപോലെ ചിത്രത്തില്‍ ഷാജോണിന്റെ കഥാപാത്രമായി മറ്റാരും മനസില്‍ ഉണ്ടായിരുന്നില്ലെന്നും ജിനു പറഞ്ഞു. ‘ഷാജോണിന്റെ കഥാപാത്രത്തെ അദ്ദേഹത്തെ തന്നെ മനസില്‍ കണ്ടാണ് എഴുതിയത്. അതുപോലെ അദ്ദേഹത്തിന്റെ അച്ഛനായി അബു സലീം ചേട്ടനെ തന്നെയായിരുന്നു കണ്ടത്. കുറച്ചധികം സീനുകളും അദ്ദേഹത്തിന്റേത് ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ സിനിമയുടെ സമയപരിമിതി കാരണം പല സീനുകളും ഒഴിവാക്കേണ്ടി വന്നതാണ്,’ ജിനു പറഞ്ഞു.

Content Highlight: Kaduva Movie Dileesh Pothen Doing Baijus Role in Kaduva says Script Writter

We use cookies to give you the best possible experience. Learn more