| Tuesday, 5th July 2022, 11:55 pm

'ബുക്കിങ് തുറക്കാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു, കടുവ ഏഴിന് തന്നെ റിലീസ് ചെയ്യും': പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ജൂലൈ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ജൂണ്‍ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില പ്രത്യേക സാഹചര്യങ്ങളാല്‍ റിലീസ് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഏഴിന് തന്നെ ഉണ്ടാകുമെന്നും ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞു എന്നുമാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പൃഥി കടുവയുടെ റിലീസിനെ കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ പൂര്‍ണമായും മാറിയതായി പറഞ്ഞത്.

എല്ലാ തടസ്സങ്ങളെയും ഭേദിച് കടുവ ജൂലൈ എഴിന് തിയേറ്ററുകളില്‍ എത്തുന്നു. ജൂലൈ ഏഴിന് ചിത്രം ആഗോളതലത്തില്‍ റിലീസിനെത്തും. ടിക്കറ്റിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് തുറക്കാന്‍ വൈകിയതിനും ക്ഷമ ചോദിക്കുന്നു; പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയ് യാണ് കടുവയുടെ സംഗീത സംവിധാനം.

Content Highlight : Kaduva is all set to release says prithviraj

We use cookies to give you the best possible experience. Learn more