| Thursday, 7th July 2022, 1:34 pm

അടി, ഇടി, മാസ്: കടുവ കോരിത്തരിപ്പിച്ചെന്ന് ആദ്യ ഷോ കണ്ടവര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ റിലീസായിരിക്കുകയാണ്. ഷാജി കൈലാസിന്റെ നീണ്ട ഇടവേളക്ക് ശേഷമുള്ള ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലായിരുന്നു സിനിമ പ്രേമികള്‍. ചിത്രം റിലീസായി ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ആദ്യ ഷോ കണ്ടവരുടെ പ്രതികരണങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട്.

അടിയും, ഇടിയും മാസ് രംഗങ്ങളും അടങ്ങിയ കോരിത്തരിപ്പിച്ച ചിത്രമെന്നാണ് കടുവ ആദ്യ ഷോ കണ്ടവരുടെ പ്രതികരണം. നാളുകള്‍ക്ക് ശേഷമാണ് ഇത്രയും കിടിലന്‍ അടി പടം മലയാളത്തില്‍ കാണുന്നത് എന്ന് പറയുന്നവരുമുണ്ട്.

മാസ് മസാല ചേരുവകള്‍ എല്ലാം ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും മികച്ച തിയേറ്റര്‍ അനുഭവമാണ് കടുവയെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ചിത്രത്തിലെ അഭിനേതാക്കള്‍ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും പറയുന്ന പ്രേക്ഷകരുണ്ട്.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. വമ്പന്‍ പ്രൊമോഷനായിരുന്നു ചിത്രത്തിന് വേണ്ടി ചെയ്തത്. ദുബായിലുള്‍പ്പടെ ചിത്രത്തിന്റെ പ്രൊമോഷന്‍ നടന്നിരുന്നു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. ജിനു വി. എബ്രഹാമിന്റേതാണ് കടുവയുടെ തിരക്കഥ. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവരെ കൂടാതെ സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രണ്‍ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയിട്ടുണ്ട്.

Content Highlight : Kaduva getting extemely positive reports after first show

We use cookies to give you the best possible experience. Learn more