| Tuesday, 14th July 2020, 8:33 pm

'കടുവ'യുടെ തിരക്കഥ പൂര്‍ണ്ണമായി വായിച്ചത് ഞാനും പൃഥ്വിയും മാത്രം; ജോസിന്റെ ജീവിതവുമായി ബന്ധമില്ലെന്ന് ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: കടുവ സിനിമ ജോസ് കുരുവിനാക്കുന്നേലിനെക്കുറിച്ചുള്ളതല്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ്. ജോസിനെ അറിയാമെന്നും അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയെടുക്കണമെന്ന് കരുതിയിരുന്നെന്നും ഷാജി കൈലാസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘എനിക്ക് ജോസിനെ അറിയാം. അദ്ദേഹത്തെക്കുറിച്ച് സിനിമയെടുത്തക്കാന്‍ ഞാനും രഞ്ജി പണിക്കരും തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ ജിനുവിന്റെ തിരക്കഥ തീര്‍ത്തും വ്യത്യസ്തമാണ്. കടുവ എന്നത് ഒരു യുവപ്ലാന്ററുടെ കഥയാണ്. ഇതിന് ജോസുമായി ഒരു ബന്ധവുമില്ല. കാര്യമറിയാതെ ആളുകള്‍ വിവാദമുണ്ടാക്കുകയാണ്’, ഷാജി കൈലാസ് പറഞ്ഞു.

താനും പൃഥ്വിരാജും മാത്രമാണ് കടുവയുടെ മുഴുവന്‍ തിരക്കഥ വായിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ജിനു ഈ തിരക്കഥ മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതാണെന്നും അത് നടക്കാതെ പോയപ്പോള്‍ തന്നിലേക്ക് വന്നതാണെന്നും ഷാജി കൈലാസ് പറഞ്ഞു.

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം തീര്‍ത്തും സാങ്കല്‍പ്പികമാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്.ഐ.ആര്‍ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ജോസിനെ കാണുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു.

‘എന്റെ സുഹൃത്താണ് എന്നെ ജോസിന്റെ അടുത്തേക്ക് കൊണ്ടുപോകുന്നത്. അവിടെ ഷൂട്ട് ചെയ്യാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു അത്. എനിക്കദ്ദേഹത്തേയും വീടും ഇഷ്ടമായി. ജോസുമായി അല്‍പ്പനേരം സംസാരിക്കുകയും ചെയ്തു. അതിന് ശേഷം ഞാന്‍ രഞ്ജിയോട് ഇങ്ങനെ ഒരാളെ കണ്ട കാര്യം പറഞ്ഞു’

തനിക്ക് ജോസിനെ നേരത്തെ അറിയാമെന്ന് രഞ്ജിയും പറഞ്ഞെന്ന് ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. പിന്നീട് തങ്ങളിരുവരും അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാലിനെയാണ് കേന്ദ്രകഥാപാത്രമായി തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോസിന് എന്ത് നടപടിയും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ രണ്ടും രണ്ട് സിനിമയാണെന്നും ഷാജി കൈലാസ് ആവര്‍ത്തിച്ചു.

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം 20 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി തയ്യാറാക്കിയ സിനിമയിലെ കഥാപാത്രമാണെന്ന് സംവിധായകനും അഭിനേതാവും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ വ്യക്തമാക്കിയിരുന്നു.


ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങാനിരുന്ന വ്യാഘ്രത്തിലേക്കാണ് ഈ കഥാപാത്രത്തെ തീരുമാനിച്ചിരുന്നത്. പ്ലാന്റര്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാല്‍ സിനിമ നടന്നില്ല. കാരണങ്ങളെന്തെന്ന് വ്യക്തമല്ല. എന്നാല്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നത് ആരുടേയും കഥാപാത്ര സൃഷ്ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്ന ആളാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞിരുന്നു.

നേരത്തെ തന്റെ ജീവിതം സിനിമയാകുമ്പോള്‍ സുരേഷ് ഗോപിയോ മോഹന്‍ലാലോ തന്നെ അവതരിപ്പിക്കുന്നതാണ് താല്‍പര്യമെന്ന് ജോസ് പറഞ്ഞിരുന്നു. തന്റെ ജീവിതം സിനിമയാക്കാനായി രണ്‍ജി പണിക്കര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാക്കാല്‍ ഉറപ്പ് നല്‍കിയതാണെന്നും അതിനാല്‍ അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് വേറെയും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കടുവ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് സുരേഷ് ഗോപി ചിത്രത്തിന് ഉപയോഗിച്ചെന്നാരോപണമാണ് വിവാദം ആരംഭിച്ചത്.

തുടര്‍ന്ന് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തി. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ജിനു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു.

ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നെന്നും സുരേഷ്‌ഗോപി ചിത്രത്തിന്റെ സംവിധായകനായ മാത്യുസ് തോമസ് തന്റെ മുന്‍ ചിത്രങ്ങളില്‍ സംവിധാന സഹായി ആയിരുന്നു എന്നും ജിനു ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more