| Tuesday, 6th November 2018, 5:15 pm

വിട്ടിലുണ്ടാക്കാം നല്ല കടുമാങ്ങ അച്ചാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പലയിടങ്ങളിലും മാങ്ങ ഉണ്ടാവാന്‍ തുടങ്ങി. ഒട്ടുമാവുകള്‍ വ്യാപിച്ചതോടെ മാങ്ങയ്ക്ക് വലിയ ക്ഷാമവുമില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം കടുമാങ്ങ അച്ചാര്‍ ഒഴിവാക്കാന്‍ കഴിയാത്തതുമാണ്. എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന കടുമാങ്ങ അച്ചാര്‍ എങ്ങിനെയുണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

കടുമാങ്ങ – കാല്‍ കിലോ
നല്ലെണ്ണ – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 2
വെളുത്തുള്ളി – 6
ഇഞ്ചി – ഒരു ചെറിയ കഷണം
പിരിയന്‍ മുളക്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
ഉലുവ – ഒരു നുള്ള്
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
വിനാഗിരി – ആവശ്യത്തിന്
കറി വേപ്പില – രണ്ടു തണ്ട്

തയ്യാറാക്കുന്ന വിധം

മാങ്ങ ചെറുതായി മുറിച്ച് ഉപ്പ് പുരട്ടി ഒരു രാത്രി മുഴുവന്‍ വെക്കുക. ഉപ്പ് നന്നായി പിടിക്കുന്നതിന് വേണ്ടിയാണിത്. അടുത്ത ദിവസം പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഉലുവ വഴറ്റുക.
പിന്നീട് ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി ,പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇവ നന്നായി വഴറ്റിയാല്‍ അതിലേക്ക് മഞ്ഞള്‍ പൊടി, കായം, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് മാങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. തീ കുറക്കാന്‍ മറക്കരുത്. പിന്നീട് അടുപ്പില്‍ നിന്ന് വാങ്ങി വെച്ച് ആവശ്യത്തിന് വിനാഗിരി ചേര്‍ത്ത് ഇളക്കുക. അ്ച്ചാര്‍ തണുത്തതിന് ശേഷം വായു കടക്കാത്ത പാത്രത്തിലേക്ക് മാറ്റിവെക്കാം. നല്ലെണ്ണ ചൂടാക്കി ഒഴിച്ചാല്‍ ഏറെ നാള്‍ അച്ചാര്‍ കേടാകാതെ സൂക്ഷിക്കാം.

We use cookies to give you the best possible experience. Learn more