| Monday, 26th October 2015, 4:56 pm

കടുക്ക വരട്ടിയത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ സ്വാദിഷ്ടമായ വിഭവങ്ങളിലൊന്നാണ് കടുക്ക അഥവാ കല്ലുമ്മക്കായ വിഭവങ്ങള്‍. വിവിധങ്ങളായ രുചിക്കൂട്ടുകള്‍ ഉപയോഗിച്ച് വിവിധ രീതിയില്‍ കടുക്ക വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. സ്വാദിനൊപ്പം നിരവധി പോഷകഗുണങ്ങളും കടുക്കയ്ക്കുണ്ട്. രുചിയൂറുന്ന കടുക്ക വരട്ടിയതാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

ചേരുവകള്‍

കടുക്ക : ഒരു കിലോ

സവോള : ഇടത്തരം വലിപ്പം മൂന്നെണ്ണം ചെറുതായി അരിഞ്ഞത്

തക്കാളി: ഇടത്തരം വലിപ്പം രണ്ടെണ്ണം കഷ്ണങ്ങളാക്കിയത്

പച്ചമുളക് : 3-4 നീളത്തില്‍ അരിഞ്ഞത്

ഇഞ്ചി ചതച്ചത് : രണ്ട് ടീസ്പൂണ്‍

വെളുത്തുള്ളി ചതച്ചത്: രണ്ടര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍

മുളക്‌പൊടി : 2 രണ്ട് ടീസ്പൂണ്‍

മല്ലിപ്പൊടി: ഒന്നര ടീസ്പൂണ്‍

വീട്ടിലുണ്ടാക്കിയ ഗരം മസാല: കാല്‍ ടീസ്പൂണ്‍

കറിവേപ്പില: ഒരു തണ്ട്

എണ്ണ: 3 ടേബിള്‍ സ്പൂണ്‍

ഉപ്പ് : ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

– കടുക്ക നന്നായി കഴുകി വൃത്തിയാക്കി അവ ഒരു പാത്രം വെള്ളത്തിലിട്ട് തിളപ്പിക്കുക. എല്ലാ കടുക്കകളുടെയും തോട് തുറന്നു വന്നാല്‍ അത് മാറ്റിവെക്കാം. തുറക്കാത്ത കടുക്കകള്‍ ഉപയോഗിക്കേണ്ട.

– ഇതിലെ വെള്ളം ഒഴിവാക്കി, കടുക്കകളുടെ മാംസഭാഗം തോടില്‍ നിന്നും വേര്‍പെടുത്തുക. കടുക്കമാംസത്തിന് താഴെയുള്ള കറുത്ത ഭാഗവും അതിനകത്ത് കറുത്ത രോമമുണ്ടെങ്കില്‍ അതും ഒഴിവാക്കി നന്നായി വൃത്തിയാക്കുക.

– ഇനി ഒരു പാത്രത്തിലേക്ക് വൃത്തിയാക്കിയ കടുക്കയിട്ട് അതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ മുളക്‌പൊടി, എന്നിവ ചേര്‍ത്ത് വേവിക്കുക

– അതിന് ശേഷം ഒരു പാത്രത്തില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ചേര്‍ക്കുക. അത് അല്‍പ്പ നേരം വഴറ്റുക.

– അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് നന്നായി വഴറ്റുക.

– ഇനി അതിലേക്ക് തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കാം. ഇതും നന്നായി വഴറ്റി വേവിക്കുക.

– തീ കുറച്ചതിന് ശേഷം ഗരം മസാലപ്പൊടി  ചേര്‍ത്ത് അല്‍പ്പനേരം വേവിക്കുക.

– ഇതിലേക്ക് നേരത്തെ വേവിച്ചുവെച്ച കടുക്ക ചേര്‍ക്കുക. മസാല നന്നായി കടുക്കയില്‍ ഇളക്കിച്ചേര്‍ക്കുക. ഉപ്പ്, എരിവ് എല്ലാം ഇതിനു ശേഷം ആവശ്യാനുസരണം ചേര്‍ക്കാം.

കടുക്ക വരട്ടിയത് റെഡി

We use cookies to give you the best possible experience. Learn more