കേരളത്തിലെ സ്വാദിഷ്ടമായ വിഭവങ്ങളിലൊന്നാണ് കടുക്ക അഥവാ കല്ലുമ്മക്കായ വിഭവങ്ങള്‍. വിവിധങ്ങളായ രുചിക്കൂട്ടുകള്‍ ഉപയോഗിച്ച് വിവിധ രീതിയില്‍ കടുക്ക വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. സ്വാദിനൊപ്പം നിരവധി പോഷകഗുണങ്ങളും കടുക്കയ്ക്കുണ്ട്. രുചിയൂറുന്ന കടുക്ക വരട്ടിയതാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.
ചേരുവകള്‍
കടുക്ക : ഒരു കിലോ
സവോള : ഇടത്തരം വലിപ്പം മൂന്നെണ്ണം ചെറുതായി അരിഞ്ഞത്
തക്കാളി: ഇടത്തരം വലിപ്പം രണ്ടെണ്ണം കഷ്ണങ്ങളാക്കിയത്
പച്ചമുളക് : 3-4 നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി ചതച്ചത് : രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്: രണ്ടര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
മുളക്‌പൊടി : 2 രണ്ട് ടീസ്പൂണ്‍
മല്ലിപ്പൊടി: ഒന്നര ടീസ്പൂണ്‍
വീട്ടിലുണ്ടാക്കിയ ഗരം മസാല: കാല്‍ ടീസ്പൂണ്‍
കറിവേപ്പില: ഒരു തണ്ട്
എണ്ണ: 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം
– കടുക്ക നന്നായി കഴുകി വൃത്തിയാക്കി അവ ഒരു പാത്രം വെള്ളത്തിലിട്ട് തിളപ്പിക്കുക. എല്ലാ കടുക്കകളുടെയും തോട് തുറന്നു വന്നാല്‍ അത് മാറ്റിവെക്കാം. തുറക്കാത്ത കടുക്കകള്‍ ഉപയോഗിക്കേണ്ട.
– ഇതിലെ വെള്ളം ഒഴിവാക്കി, കടുക്കകളുടെ മാംസഭാഗം തോടില്‍ നിന്നും വേര്‍പെടുത്തുക. കടുക്കമാംസത്തിന് താഴെയുള്ള കറുത്ത ഭാഗവും അതിനകത്ത് കറുത്ത രോമമുണ്ടെങ്കില്‍ അതും ഒഴിവാക്കി നന്നായി വൃത്തിയാക്കുക.
– ഇനി ഒരു പാത്രത്തിലേക്ക് വൃത്തിയാക്കിയ കടുക്കയിട്ട് അതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ മുളക്‌പൊടി, എന്നിവ ചേര്‍ത്ത് വേവിക്കുക
– അതിന് ശേഷം ഒരു പാത്രത്തില്‍ അല്‍പ്പം എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ചേര്‍ക്കുക. അത് അല്‍പ്പ നേരം വഴറ്റുക.
– അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് നന്നായി വഴറ്റുക.
– ഇനി അതിലേക്ക് തക്കാളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കാം. ഇതും നന്നായി വഴറ്റി വേവിക്കുക.
– തീ കുറച്ചതിന് ശേഷം ഗരം മസാലപ്പൊടി ചേര്‍ത്ത് അല്‍പ്പനേരം വേവിക്കുക.
– ഇതിലേക്ക് നേരത്തെ വേവിച്ചുവെച്ച കടുക്ക ചേര്‍ക്കുക. മസാല നന്നായി കടുക്കയില്‍ ഇളക്കിച്ചേര്‍ക്കുക. ഉപ്പ്, എരിവ് എല്ലാം ഇതിനു ശേഷം ആവശ്യാനുസരണം ചേര്‍ക്കാം.