| Wednesday, 9th January 2013, 12:45 am

ദല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കണം: കഠ്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കേണ്ടതുണ്ടെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കഠ്ജു. []

കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്നതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാകേത് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് കഠ്ജു ഉന്നയിച്ചത്.

കുറ്റാരോപിതര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവസരം നിയമവ്യവസ്ഥ നല്‍കുന്നുണ്ട്. അത് നിഷേധിക്കുന്നത് ക്രൂരമാണ്. കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരാകാന്‍ തയ്യാറായ മനോഹര്‍ ശര്‍മയെന്ന അഭിഭാഷകനെതിരെ ചില അഭിഭാഷകര്‍ മുദ്രാവാക്യം മുഴക്കുകയും സംഷര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് വാര്‍ത്ത കണ്ടു.

പ്രഗതിശീല്‍ മഹിളാസംഘടന്‍ എന്ന വനിതാസംഘടനയും ഇത്തരം കൃത്യങ്ങളില്‍ മുഴുകി. ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വേദനാ പൂര്‍ണമായ കാര്യമാണ് അത്. ഒട്ടും ആശാസ്യമല്ലാത്ത പ്രവണതയാണ് കോടതിയില്‍ അരങ്ങേറിയത്.

കുറ്റം എത്ര ഹീനമായാലും കുറ്റാരോപിതന് നിയമസഹായം ലഭിക്കേണ്ടതുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 22 ന്റെ അന്തസത്ത അതാണ്. ബഹളം വെച്ച അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം. ബാര്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുകയും വേണം.

തൊഴില്‍പരമായ മൂല്യങ്ങള്‍ കാറ്റില്‍പറത്തുകയായിരുന്നു അവര്‍. ഇത്തരം മൂല്യങ്ങളും തത്വങ്ങളും പാലിച്ചില്ലെങ്കില്‍ നിയമവാഴ്ച തന്നെ തകര്‍ന്നുപോകുമെന്നും കഠ്ജു ചൂണ്ടിക്കാട്ടി.

Latest Stories

We use cookies to give you the best possible experience. Learn more