കതിരൂര്‍ മനോജ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം
Kerala News
കതിരൂര്‍ മനോജ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 11:22 am

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ 15 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. കണ്ണൂര്‍ ജില്ലയില്‍ കടക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ഒന്നാം പ്രതി വിക്രമന് ജാമ്യം അനുവദിച്ചത്.

കേസില്‍ പ്രതിയായ സി.പി.ഐ.എം നേതാവ് പി. ജയരാജന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന് യു.എ.പി.എ ചുമത്തുന്ന ആദ്യ കേസാണ് കതിരൂര്‍ മനോജ് വധക്കേസ്.

യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് നേരത്തെ പി. ജയരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയിരുന്നു.

കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. സി.ബി.ഐ ആണ് പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത്. കേസിലെ മുഖ്യ ആസൂത്രകന്‍ പി. ജയരാജനാണെന്നാണ് സി.ബി.ഐ കണ്ടെത്തല്‍

സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ നടന്ന ഒരു കുറ്റകൃത്യമാണ്. യു.എ.പി.എ ചുമത്താനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സി.ബി.ഐ കേന്ദ്രത്തിന്റെ അനുമതി മാത്രമാണ് വാങ്ങിയിട്ടുള്ളത്. അതിനാല്‍ യു.എ.പി.എ ചുമത്തിയ നടപടി നിയമപരമായി ശരിയല്ല എന്നായിരുന്നു ജയരാജന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ആര്‍.എസ്.എസ് കണ്ണൂര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് 2014 സെപ്തംബര്‍ ഒന്നിനാണ് കൊല്ലപ്പെടുന്നത്. 1997ലും മനോജിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അതിനിടെ 1999ല്‍ പി.ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മനോജും പ്രതിയായിരുന്നു. എന്നാല്‍ 2009ല്‍ മനോജിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പരാജയപ്പെടുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kadirur Manoj murder case high court given bail to all accused