ബേസിലിനെ നായകനാക്കി മുഹ്ഷിന്‍ സംവിധാനം ചെയ്യുന്ന ‘കഠിന കടോരമീ അണ്ഡകടാഹം’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. കൊവിഡിന്റെയും അതിനെ തുടര്‍ന്ന് വന്ന ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് കഠിന കഠോരമീ അണ്ഡകടാഹം.
ആ കാലത്തിന്റെ അനിശ്ചിതത്തവും മനുഷ്യന്റെ നിസാഹയതയുമൊക്കെ ട്രെയ്‌ലറിലൂടെ അവതരിപ്പിക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലഘട്ടത്തിന്റെ സാഹചര്യങ്ങളെ വീണ്ടും ഓര്‍മപ്പെടുത്തികൊണ്ടാണ് ട്രെയ്‌ലര്‍ തുടങ്ങി അവസാനിക്കുന്നത്. കൊവിഡിന്റെ സമയത്ത് അതിനിടയില്‍ നടന്ന ചില സംഭവങ്ങളാണ് കഥയുടെ അടിസ്ഥാനമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ട്രെയ്‌ലറിലെ പശ്ചാത്തല സംഗീതമൊക്കെ വളരെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അതോടൊപ്പം വിഷ്വല്‍ സൈഡും മികച്ചതാണെന്നാണ് ട്രെയ്‌ലര്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നത്. കൊവിഡ് കാലത്തെ ഓര്‍മപ്പെടുത്തുന്നതാണ് ഓരോ ദൃശ്യങ്ങളും. അര്‍ജുന്‍ സേതുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ബേസിലിന് പുറമെ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ബിനു പപ്പു, സുധീഷ്, സ്വാതി ദാസ് പ്രഭു, നിര്‍മല്‍ പാലാഴി, ശ്രീജ രവി, പാര്‍വതി കൃഷ്ണ, ഷിബില ഫറ, സ്‌നേഹ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.