വാത്തി കമിങ്ങില്‍ വിജയ്ക്ക് പകരം ഇന്ത്യന്‍ 'താത്ത', അനിരുദ്ധിന്റെ ബീറ്റില്‍ ആരായാലും തുള്ളുമെന്ന് സോഷ്യല്‍ മീഡിയ
Film News
വാത്തി കമിങ്ങില്‍ വിജയ്ക്ക് പകരം ഇന്ത്യന്‍ 'താത്ത', അനിരുദ്ധിന്റെ ബീറ്റില്‍ ആരായാലും തുള്ളുമെന്ന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd June 2024, 1:12 pm

കേള്‍ക്കുന്നത് ആരായാലും തുള്ളിപ്പോകുന്ന തരത്തില്‍ സംഗീതമൊരുക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ്. ചെയ്യുന്ന സിനിമ ഏതായാലും എല്ലാ പാട്ടുകളും ഹിറ്റാക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. വിജയ് ചിത്രമായ മാസ്റ്ററിലെ വാത്തി കമിങ് എന്ന പാട്ട് സോഷ്യല്‍ മീഡിയ മുഴുവന്‍ തരംഗമായി മാറിയിരുന്നു.

ഷങ്കര്‍-കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഇന്ത്യന്‍ 2വിന് സംഗീതമൊരുക്കുന്നതും അനിരുദ്ധ് തന്നെയാണ്. എ.ആര്‍ റഹ്‌മാന്‍ സംഗീതം ചെയ്ത ഒന്നാം ഭാഗത്തിനോട് കിടപിടിക്കുന്നതാണോ അനിരുദ്ധിന്റെ പാട്ടുകള്‍ എന്നായിരുന്നു അനൗണ്‍സ്‌മെന്റ് മുതല്‍ പലരും ചിന്തിച്ചത്. എന്നാല്‍ തന്റെ സ്ഥിരം ശൈലിയിലുള്ള പാട്ടുകള്‍ തന്നെയാണ് അനി ഇന്ത്യന്‍ 2വിലും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്ന ഓഡിയോ ലോഞ്ചില്‍ ചിത്രത്തിലെ എല്ലാ പാട്ടുകളും റിലീസ് ചെയ്തിരുന്നു.

പക്കാ ഫെസ്റ്റിവല്‍ ടൈപ്പ് ബീറ്റ് പാട്ടായ കതറല്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. പല തരത്തിലുള്ള എഡിറ്റ് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാത്തി കമ്മിങ് പാട്ടിന്റെ സേനാപതി എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ കമല്‍ ഹാസന്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. വാത്തി കമിങിന് പകരം കതറല്‍സിന്റെ ഓഡിയോയാണ് വീഡിയോയില്‍ ഉള്ളത്.

എ.ആര്‍ റഹ്‌മാന്‍ ചെയ്തു വെച്ച ക്ലാസിക് പാട്ടുകളുടെ അടുത്ത് അനിരുദ്ധ് എത്തിയിട്ടില്ല എന്ന് പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും സിനിമയുടെ മൂഡിനനുസരിച്ചുള്ള പാട്ടുകളാണ് അനിരുദ്ധ് ചെയ്തതെന്നാണ് ആരാധകരുടെ വാദം. ലോകം കണ്ട മികച്ച സംഗീതജ്ഞരിലൊരാളായ എ.ആര്‍ റഹ്‌മാന്റെ കൂടെ ഒരിക്കലും തന്നെ താരതമ്യം ചെയ്യരുതെന്ന് അനിരുദ്ധ് ഓഡിയോ ലോഞ്ചില്‍ പറഞ്ഞിരുന്നു. കാലമെത്ര കഴിഞ്ഞാലും താന്‍ അദ്ദേഹത്തിന്റെ ആരാധകരിലൊരളാണെന്നും അനിരുദ്ധ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Kadharals song in Indian 2 going viral in social media