| Monday, 3rd February 2020, 6:39 pm

'ഇനിയൊരു മാധ്യമപ്രവര്‍ത്തകനും അപമാനിക്കപ്പെടരുത്'; സെന്‍കുമാറിനെതിരെയുള്ള കേസുമായി മുന്നോട്ട് പോകുമെന്ന് കടവില്‍ റഷീദ്

ആര്യ. പി

തിരുവനന്തപുരം: മുന്‍ ഡി.ജി.പിയും സംഘപരിവാര്‍ നേതാവുമായ ടി.പി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയോട് വിശദീകരണം തേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാറിനും കടവില്‍ റഷീദിനും എതിരായ കേസ് അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പഴയ ഡി.ജി.പിയെന്ന നിലയില്‍ കേസെടുക്കാന്‍ സെന്‍കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.വിന്‍സെന്റ് എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസാണ് എടുത്തതെന്നാണ് വിന്‍സെന്റ് നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്.

പൊലീസില്‍ ഇപ്പോഴും സെന്‍കുമാറിന് സ്വാധീനം ഉണ്ടെന്നാണ് മുഖ്യമന്ത്രി തന്നെ സഭയില്‍ പറഞ്ഞതെന്നും തനിക്കും അത് ബോധ്യമുള്ള കാര്യമാണെന്നുമാണ് ഈ വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് കടവില്‍ റഷീദ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെയാണ് താന്‍ കൊടുത്ത പരാതിയില്‍ കേസ് എടുക്കാതെ സെന്‍കുമാര്‍ കൊടുത്ത കൗണ്ടര്‍ കേസില്‍ ഇപ്പോള്‍ പൊലീസ് അന്വേഷണം നടത്തിയതെന്നും കടവില്‍ റഷീദ് പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നുവെന്നാരോപിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും ടി.പി സെന്‍കുമാറും വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വെച്ച് സെന്‍കുമാറിന്റെ നിര്‍ദേശപ്രകാരം സഹായികള്‍ കയ്യേറ്റം ചെയ്‌തെന്നായിരുന്നു കടവില്‍ റഷീദിന്റെ പരാതി. തുടര്‍ന്നാണ് ടി.പി സെന്‍കുമാര്‍ കടവൂര്‍ റഷീദിനും സെന്‍കുമാറിന്റെ നടപടിയെ വിമര്‍ശിച്ച് പത്രപ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ പി.ജി സുരേഷ് കുമാറിനും എതിരെ പരാതി നല്‍കിയത്.

പരാതിയില്‍ കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ജനുവരി 16ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്തസമ്മേളനത്തിനിടെ തന്നെ തടസ്സപ്പെടുത്തിയെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പരാതി. ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് വിവാദമാകുകയും വിന്‍സെന്റ് എം.എല്‍.എ വിഷയം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി ഞായറാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെന്‍കുമാറിനെതിരെ നല്‍കിയ കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് റഷീദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.” നാളെ ഇതേ അനുഭവം വേറെ ഒരാള്‍ക്കും വരാന്‍ പാടില്ല. അതുമാത്രമേയുള്ളൂ. നാളെ ഞാന്‍ ഇല്ലാതായിക്കോട്ടെ. അത് പ്രശ്‌നമല്ല. എങ്കിലും പത്രരംഗത്തേക്ക് വരുന്ന പുതിയ തലമുറയില്‍പ്പെട്ട ആര്‍ക്കും ഇതുപോലൊരു അപമാനം നേരിടേണ്ടി വരരുത്,” റഷീദ് പറഞ്ഞു.

”കെ.യു.ഡബ്ല്യൂ.ജെ എനിക്കൊപ്പം നിന്നു. ഞാന്‍ ഒരു വലിയ പത്രപ്രവര്‍ത്തകനൊന്നും അല്ല. ഈ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ചെറിയൊരു ആള്‍ ആണ്. ആ ഒരു കാര്യത്തില്‍ യൂണിയന്‍ നല്ല തീരുമാനം തന്നെ എടുത്തു. പറയുമ്പോള്‍ ഞാന്‍ മെമ്പര്‍ പോലും ആയിട്ടില്ല. എങ്കിലും അവര്‍ സ്വാഗതാര്‍ഹമായ നിലപാടാണ് എടുത്തത്.

പൊലീസ് ഇന്ന് വീണ്ടും തന്റെ മൊഴിയെടുക്കാന്‍ എത്തിയിരിക്കുന്നെന്നും സുരേഷുമായുള്ള ബന്ധത്തെ കുറിച്ചെല്ലാമാണ് പൊലീസ് ചോദിച്ചതെന്നും റഷീദ് പറയുന്നു. സെന്‍കുമാറിന്റെ പത്രസമ്മേളനം നടക്കുമ്പോള്‍ ആ പരിസരത്തുപോലും സുരേഷ് കുമാര്‍ ഉണ്ടായിരുന്നില്ല. പത്രപ്രവര്‍ത്തക യൂണിയന്റെ ഗ്രൂപ്പില്‍ അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരിലാണ് അദ്ദേഹത്തെ ഇപ്പോള്‍ രണ്ടാം പ്രതിയാക്കിയിരിക്കുന്നത്.

സെന്‍കുമാറിനെപ്പോലുള്ളവര്‍ കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിക്കുകയാണ്. ചോദ്യം ചോദിക്കുന്നവരെ ഭയക്കുക മാത്രമല്ല ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയുമാണ്. ഐ.പി.എസ് ഉള്ള അദ്ദേഹം അന്നവിടെ പെരുമാറിയ രീതി നിങ്ങളൊക്കെ കണ്ടതല്ലേ? എന്നെ മദ്യപാനിയെന്നും മറ്റും വിളിച്ചായിരുന്നു ആക്ഷേപിച്ചത്. ഞാന്‍ ആര്‍.സി.സിയിലെ ചികിത്സ കഴിഞ്ഞ് ജോലിക്ക് ഇറങ്ങി കഷ്ടിച്ച് ഒരു മാസം മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ.

അവിടെ സെന്‍കുമാറിനോട് ഒരു മാധ്യമപ്രവര്‍ത്തനും ഒരു ചോദ്യവും ചോദിക്കുന്നില്ല. ചോദ്യം ചോദിച്ച എന്നെ ബലിയാടാക്കുകയായിരുന്നു. അവിടെ ചില മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരൊക്കെയുണ്ടായിരുന്നു. പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല. അവരൊക്കെ നോക്കിയിരിക്കുകയായിരുന്നു ഇതെല്ലാം. പുതിയ മാധ്യമപ്രവര്‍ത്തകരും ചില ഫോട്ടോഗ്രാഫേഴ്‌സുമാണ് എന്നെ പിടിച്ച് രക്ഷപ്പെടുത്തിയത്”, കടവില്‍ റഷീദ് പറഞ്ഞു.

അതേസമയം ടി.പി സെന്‍കുമാറിനെതിരെ പ്രസ് ക്ലബ് തന്നെ മറ്റൊരു പരാതി കൊടുക്കണമെന്നായിരുന്നു താന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഭിപ്രായപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പി.ജി സുരേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. യൂണിയനും പ്രസ് ക്ലബ്ബും വിഷയത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കടവില്‍ റഷീദിനും പി.ജി സുരേഷ്‌കുമാറിനും എതിരെ കള്ളക്കേസെടുത്തതിലൂടെ ആടിനെ പട്ടിയാക്കുന്ന കുത്സിത തന്ത്രം കേരള പൊലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പ്രയോഗിക്കുകയാണെന്നായിരുന്നു കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് റെജി പ്രതികരിച്ചത്.

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നത് കുറ്റമാവുന്ന അത്യപൂര്‍വ ‘ജനാധിപത്യ കീഴ്വഴക്കം’ കൂടിയാണ് കേരളാ പൊലീസ് ഇതിലൂടെ സൃഷ്ടിച്ചുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു കൗണ്ടര്‍ കേസെടുത്ത് സമാസമം പാലിക്കാന്‍ ഇത് രാഷ്ട്രീയ സംഘട്ടനമല്ല. പട്ടാപ്പകല്‍ ഒരു മാധ്യമപ്രവര്‍ത്തകനെ വാര്‍ത്താസമ്മേളനത്തില്‍ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവമാണെന്നും അതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ നിന്ദ്യമായ പ്രചാരണം നടത്തിയ സംഭവമാണിതെന്നും കെ.പി റെജി പറഞ്ഞു.

പണ്ട് പൊലീസ് മേധാവിയായിരുന്നപ്പോള്‍ മുന്നിലിരുന്ന കീഴുദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്ന പോലെ പഞ്ചപുച്ഛം അടക്കി ഇരിക്കാന്‍ വേറെ ആളെ നോക്കണമെന്നും അതിന് മാധ്യമ പ്രവര്‍ത്തകരെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത പൊലീസിന്റെ നടപടി അസാധാരണമാണെന്ന് ഇന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചിരുന്നു. സെന്‍കുമാറിന്റെ പത്രസമ്മേളന സമയത്ത് ഇല്ലാതിരുന്ന പി.ജി സുരേഷ് കുമാറിനെതിരൊണ് ഗൂഡാലോചനയ്ക്ക് കേസെടുത്തിരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.

എന്നാല്‍ സെന്‍കുമാറിനെക്കുറിച്ച് ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് ബോധ്യമുണ്ടായല്ലോ എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രതിപക്ഷ ആരോപണത്തെ പരിഹസിച്ചു കൊണ്ട് പറഞ്ഞത്.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more