| Saturday, 24th August 2019, 7:51 pm

മുഖ്യമന്ത്രി പ്രായമായ സ്ത്രീയോട് രോഷാകുലയായത് എന്തിന്? സംഭവസ്ഥലത്തുണ്ടായിരുന്ന കടന്നപ്പള്ളിയും രാഗേഷും ലേഖകനും പറയുന്നതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൊതുവേദിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രായമായ സ്ത്രീയോട് രോഷാകുലനായി പെരുമാറിയതില്‍ പ്രതികരിച്ച് ആ സമയം ഒപ്പമുണ്ടായിരുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും രാജ്യസഭാഗം കെ.കെ രാഗേഷും. വയലന്റാകുമെന്നു തോന്നിയപ്പോഴാണ് മുഖ്യമന്ത്രി ശബ്ദമുയര്‍ത്തി അവരോടു സദസ്സില്‍ പോയിരിക്കാന്‍ പറഞ്ഞതെന്ന് രാഗേഷ് ‘ദ ക്യൂ’വിനോടു പറഞ്ഞു.

ആറ്റടപ്പയാണ് തന്റെ വീടെന്നും തന്നെ അറിയില്ലേയെന്നുമാണ് സ്ത്രീ ആദ്യം ചോദിച്ചതെന്നും അതിനോട് മുഖ്യമന്ത്രി വളരെ സൗമ്യനായി ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചതെന്നും രാഗേഷ് ദ ക്യൂവിനോട് പറഞ്ഞു.

പെട്ടെന്ന് നിങ്ങളെയൊന്നും വിടില്ല എന്നവര്‍ ശബ്ദമുയര്‍ത്തി പറഞ്ഞെന്നും സാധാരണനില വിട്ടുള്ള പെരുമാറ്റമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ വയലന്റാകുമെന്ന് തോന്നിയപ്പോള്‍ മുഖ്യമന്ത്രി ശബ്ദമുയര്‍ത്തി അവരോട് സദസ്സില്‍ പോയിരിക്കാന്‍ പറഞ്ഞതെന്ന് രാഗേഷ് വിശദീകരിച്ചു.

പരസ്പര ബന്ധമില്ലാതെയാണ് അവര്‍ പെരുമാറിയതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ‘ദ ക്യൂ’വിനോടു പറഞ്ഞു. പെട്ടെന്ന് ശബ്ദമുയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി അവരോട് സദസ്സില്‍ പോയിരിക്കാന്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ബന്ധമില്ലാതെയാണ് അവര്‍ പെരുമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത കണ്ണൂരിലെ ഒരു വേദിയിലെത്തിയതും ഈ സ്ത്രീ സമാനരീതിയില്‍ പരാതി പറഞ്ഞിരുന്നതായി സംഭവസമയത്ത് അവിടെയുണ്ടായിരുന്ന മീഡിയാ വണ്‍ ലേഖകന്‍ സുനില്‍ ഐസക് പറഞ്ഞു.

തളിപ്പറമ്പ് സ്വദേശിയായ സ്ത്രീ നേരിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുവെന്നാണ് പൊലീസ് പറയുന്നതെന്നും സുനിലിന്റേതായി മീഡിയാ വണ്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് മുഖ്യമന്ത്രി അല്‍പ്പനേരം അവരോട് സംസാരിച്ചെന്നും പെട്ടെന്നാണ് അവരുടെ ശബ്ദമുയര്‍ന്നതെന്നും സുനില്‍ പറഞ്ഞു. ‘നിങ്ങള്‍ ഒന്നും ചെയ്ത് തന്നില്ല’ എന്നായിരുന്നു അവരുടെ ഉച്ചത്തിലുള്ള പരാതി.  ‘അവിടെ പോയി ഇരിക്കൂ’എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെങ്കിലും അവര്‍ വീണ്ടും ശബ്ദമുയര്‍ത്തി പരാതി ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സമയത്ത് ഇ.പി ജയരാജന്‍ സ്ത്രീയുടെ കൈ മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് പിടിച്ചുമാറ്റി. ഇതോടെ മുഖ്യമന്ത്രിക്ക് നേരെ കൈ ചൂണ്ടി ‘നിങ്ങള്‍ എനിക്ക് ഒന്നും ചെയ്ത് തന്നില്ലന്ന് അവര്‍ രോഷത്തോടെ സംസാരിച്ചെന്നും ഇത് കേട്ടതോടെ പിണറായി അവരുടെ കൈ തട്ടി മാറ്റിയ ‘അവിടെ പോയി ഇരിക്ക്’ എന്ന് ശബ്ദമുയര്‍ത്തി പറഞ്ഞെന്നും മീഡിയാ വണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പിന്നാലെ, വേദിയിലുണ്ടായിരുന്ന ഒരാള്‍ അവരെ പിടിച്ച് മാറ്റി സദസിലേക്ക് കൊണ്ടു പോയി. പരിപാടി തീരും വരെ വേദിയുടെ താഴെ ഭാഗത്ത് ആ സ്ത്രീയുണ്ടായിരുന്നു. പിന്നീട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറ്റി അവരെ കൊണ്ടു പോയി.

ഈ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വേദിയിലേക്കു സ്ത്രീ കയറി അത്തരത്തില്‍ സംസാരിച്ചത് സുരക്ഷാ വീഴ്ചയായും ആരോപണം ഉയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more