മലപ്പുറം: കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷരീഫിന് ഇരട്ട ജീവപര്യന്തവും 2,75000 രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
ഇയാള്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ ഇയാള്‍ പാലക്കാട് ജയിലില്‍ വെച്ച് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഇയാളെ സാരമായ മുറിവില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
കാടാമ്പുഴ തുവ്വപ്പാറയില്‍ പൂര്‍ണ ഗര്‍ഭിണിയെയും ഏഴുവയസ്സുകാരനായ മകനെയും മാനഹാനി ഭയന്ന് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കൊലപാതകം, കൊല്ലണമെന്ന ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഗര്‍ഭസ്ഥശിശുവിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെയുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതിയുടെ പേരില്‍ ചുമത്തിയിരുന്നത്. ഇവയെല്ലാം പ്രോസിക്യൂഷന് തെളിയിക്കാനായി.
യുവതിയും മകനും ആത്മഹത്യചെയ്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ കല്‍പ്പകഞ്ചേരി പൊലീസ് ശേഖരിച്ച സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തെലുകളുമാണ് നിര്‍ണായകമായത്.
2017-ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായ പ്രതി വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് വീട്ടില്‍ കഴിയുകയായിരുന്ന ഉമ്മുസല്‍മയെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ അടുപ്പത്തിലായി. ഉമ്മുസല്‍മ ഗര്‍ഭിണിയാകുകയും പ്രസവശേഷം ഷരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയുംചെയ്തു.