ശബരിമലയില്‍ നടന്നത് വന്‍ കലാപത്തിനുള്ള ഗൂഢാലോചന: അതുകൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍
Kerala News
ശബരിമലയില്‍ നടന്നത് വന്‍ കലാപത്തിനുള്ള ഗൂഢാലോചന: അതുകൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 3:16 pm

 

തിരുവനന്തപുരം: ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വലിയ കലാപത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ആക്ടിവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നവരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അവര്‍ പതിനെട്ടാം പടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കമുണ്ടായിരുന്നു. സന്നിധാനത്ത് രക്തച്ചൊരിച്ചിലുണ്ടായി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാന്‍ ഇടപെട്ടത്. ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം. ആക്റ്റിവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല.

ഇന്നു രാവിലെ ആന്ധ്ര സ്വദേശിയായ കവിത, എറണാകുളം സ്വദേശി രഹന ഫാത്തിമ എന്നിവര്‍ സന്നിധാനത്തിലേക്ക് പോകാനായി എത്തിയിരുന്നു. പമ്പയില്‍ നിന്നും കനത്ത പൊലീസ് സുരക്ഷയില്‍ ഇവരെ നടപ്പന്തല്‍ വരെ എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നടപ്പന്തലില്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി ചിലര്‍ രംഗത്തുവരികയായിരുന്നു. കൂടാതെ യുവതികള്‍ പ്രവേശിച്ചാല്‍ ശ്രീകോവില്‍ അടച്ചുപൂട്ടുമെന്ന് തന്ത്രി ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു. യുവതികള്‍ മടങ്ങിവരണമെന്ന നിലപാടായിരുന്നു ദേവസ്വം മന്ത്രിയും സ്വീകരിച്ചിരുന്നത്.