കോഴിക്കോട്: അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കണമെന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയലിന്റെ നിര്‍ദേശത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗുരുവായൂര്‍ ഒഴികെ എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമുണ്ടെന്നും അതിനാല്‍ ഇത്തരമൊരു ഉത്തരവിന്റെ ആവശ്യമില്ലെന്നുമാണ് കടകംപള്ളി പറഞ്ഞത്.
“ഗുരുവായൂര്‍ ക്ഷേതരം ഒഴികെ മറ്റെല്ലാം ക്ഷേത്രത്തിലും എല്ലാ മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. ഉദാഹരണത്തിന് ശബരിമല, ശ്രീപത്‌നമനാഭ ക്ഷേത്രം എന്നിവ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ്.” എന്നാണ് കടകംപള്ളി പറഞ്ഞത്.
അജയ് തറയലിന്റേത് അനാവശ്യവിവാദമുണ്ടാക്കാനുള്ള ശ്രമമാണെന്നും കടകംപള്ളി കുറ്റഫ്‌പെടുത്തി.
ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളതെന്ന് പറഞ്ഞായിരുന്നു അജയ് തറയില്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഹിന്ദുമത വിശ്വാസിയെന്ന് അഹിന്ദുക്കളില്‍ നിന്ന് എഴുതിവാങ്ങുന്നത് മതപരിവര്‍ത്തനത്തിന് സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.