| Wednesday, 25th February 2015, 2:38 pm

കടല്‍വെള്ളത്തെക്കുറിച്ചുള്ള പാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവിത | ലോര്‍ക

   മൊഴിമാറ്റം | സ്വാതി ജോര്‍ജ്

വര | മജ്‌നി


(മേഘങ്ങളെ വേട്ടയാടുന്നവനായ എമീലിയൊ പ്രാദോസിനു)

വിദൂരത്തു നിന്ന്
കടല്‍ ചിരിക്കുന്നു.
നുരകള്‍ കൊണ്ട് പല്ലുകള്‍,
ആകാശം കൊണ്ട് ചുണ്ടുകള്‍.

“ക്ലേശഭരിതയായ, മാറുമറയ്ക്കാത്ത പെണ്ണേ,
നീ എന്താണു വില്‍ക്കുന്നത്?”

“അങ്ങുന്നേ, കടലുകളിലെ വെള്ളം.”

“ഇരുണ്ട ചെക്കാ,
നിന്റെ രക്തം കലര്‍ന്നിരിക്കുന്നതെന്താല്‍?”

“അങ്ങുന്നേ, കടലുകളിലെ വെള്ളം.”

“എവിടെനിന്നമ്മേ
വരുന്നതീ കണ്ണീരുപ്പ്?”

“അവിടുന്നേ, എന്റെ കണ്ണുകള്‍ പൊഴിക്കുന്നത് കടലുകളിലെ വെള്ളം.”

“ഹൃദയമേ, ഈ കൊടിയ തിക്തതയുടെ
ഉറവിടമെന്ത്?”

“കടലുകളിലെ വെള്ളം
തിക്തതയുടെ ഒരു മേലാട വിരിക്കുന്നു!”

വിദൂരത്തു നിന്ന്
കടല്‍ ചിരിക്കുന്നു.
നുരകള്‍ കൊണ്ട് പല്ലുകള്‍,
ആകാശം കൊണ്ട് ചുണ്ടുകള്‍.

……………………………………………………….


ഫെഡ്‌റികോ ഗാര്‍ഷ്യ ലോര്‍ക


ഫെഡ്‌റികോ ഗാര്‍ഷ്യ ലോര്‍ക, ലോര്‍ക എന്ന ചുരുക്കനാമത്തില്‍ അറിയപ്പെടുന്നു സ്പാനിഷ് കവി, നാടകരചയിതാവ്, നാടക സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. സ്പാനിഷ് ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടു. ജെനറേഷന്‍ ഓഫ് 27 എന്ന സംഘടനയുടെ അടയാളമായി ഇദ്ദേഹം ലോകം മുഴുവന്‍ അറിയപ്പെടുന്നു.

1921 ലാണ് ഇദ്ദേഹത്തിന്റെ ആദ്യ കവിതസമാഹാരം പ്രസിദ്ധീകരിച്ചത്. 1918 മുതലുള്ള ഇദ്ദേഹത്തിന്റെ കൃതികളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മതവിശ്വാസം, ഒറ്റപ്പെടല്‍, പ്രകൃതി എന്നിവയെ ഉല്‍ക്കൊള്ളുന്ന കവിതകളായിരുന്നു അവയെല്ലാം. പതിനഞ്ചോളം കവിതാ സമാഹാരങ്ങളും, അത്രയോളം തന്നെ നാടകങ്ങളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.


സ്വാതി ജോര്‍ജ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.


മജ്‌നി തിരുവങ്ങൂര്‍

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.

We use cookies to give you the best possible experience. Learn more