കൊച്ചി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ മാതൃത്വത്തിന്റെ പവിത്രത പൂര്‍ണായി അവഗണിക്കപ്പെട്ടെന്ന് ഹൈക്കോടതി. കേസില്‍ അമ്മയ്ക്ക് ജാമ്യം അനുവദിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ഇതുവരെ കേട്ടു കേള്‍വിയില്ലാത്തതും അതിശയിപ്പിക്കുന്നതുമായ കേസാണിത്. ഈ കേസില്‍ മാതൃത്വത്തിന്റെ പവിത്രത പൂര്‍ണമായും അവഗണിക്കപ്പെട്ടു,’ കോടതി നിരീക്ഷിച്ചു.
ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് രൂപം കൊള്ളുമ്പോള്‍ പിറവിയെടുക്കുന്നതാണ് മാതൃത്വം. മാതൃസ്‌നേഹത്തോളം വലിയ ഒരു സ്‌നേഹവും ഭൂമിയിലില്ലെന്നും കേസ് പരിഗണിക്കവെ കോടതി പറഞ്ഞു.
അതേസമയം ഇത്തരത്തില്‍ ഹീന കൃത്യം ചെയ്യുന്നവരൊന്നും അമ്മയെന്ന് വിളിക്കപ്പെടാന്‍ അര്‍ഹരല്ലെന്നും ജസ്റ്റിസ് ഷെര്‍സി ഉത്തരവില്‍ പറഞ്ഞു.
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ ഉപാധികളോടെയാണ് കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുള്ള ഒരു അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.
നിലവിലുള്ള സംഘം അന്വേഷണം നടത്തിയാല്‍ പോര. അന്വേഷണത്തിനായി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം രൂപീകരിക്കണം. വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞു.
കുട്ടിയുടെ ആരോഗ്യസ്ഥിതിയടക്കം പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ടീമിനെ ചുമതലപ്പെടുത്തണം. അതുവരെ കുട്ടിയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കുട്ടിയെ കൃത്യമായ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി പറഞ്ഞു.
കടയ്ക്കാവൂരില്‍ അമ്മയ്ക്കെതിരായ പോക്സോ കേസില്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നും ഇത് കുടുംബ പ്രശ്നം മാത്രമല്ലെന്നും അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ജാമ്യഹരജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
കേസ് ഡയറി പരിശോധിക്കാന്‍ കോടതി തയ്യാറാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത കോടതി കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അതേസമയം പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നായിരുന്നു അമ്മ കോടതിയില്‍ വാദിച്ചത്. പിതാവിന്റെ സമ്മര്‍ദ്ദത്തിലാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് കോടതിയില്‍ അമ്മ വാദിച്ചത്.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിസംബര്‍ 28 നാണ് അമ്മയെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kadakkavoor POCSO case high court statement