തിരുവനന്തപുരം: തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും സത്യം പുറത്ത് വരണമെന്നും കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ അമ്മ. കുട്ടികളെ തിരിച്ച് കിട്ടാനായാണ് കേസ് കൊടുത്തിരിക്കുന്നതെന്നും മക്കളെ തിരിച്ച് വേണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മകനോട് ഒന്നും പറയാനില്ലെന്നും മകനും ഇപ്പോള്‍ മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകുമെന്നും മകനെ കാണണമെന്ന് ആഗ്രഹമുണ്ടെന്നും അമ്മ പറഞ്ഞു.
മൊഴിയെടുക്കാനെന്ന് പറഞ്ഞാണ് തന്നെ ഓഫീസില്‍ നിന്ന് പൊലീസ് കൊണ്ട് പോയത്. തുടര്‍ന്നാണ് ഇങ്ങനൊരു കേസുണ്ടെന്ന് പറഞ്ഞത്.
തന്നെ കൊണ്ടു പോകുമ്പോള്‍ ഇവരുടെ ഭര്‍ത്താവും രണ്ടാം ഭാര്യയും തന്റെ ഓഫീസിന് പുറത്തുണ്ടായിരുന്നു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വനിതാ പൊലീസാണ് ഇങ്ങനൊരു കേസ് വന്നിട്ടുണ്ടെന്ന് പറയുന്നത്. അപ്പോള്‍തന്നെ കരഞ്ഞു പറഞ്ഞതാണ് ഞാന്‍ ഇങ്ങനൊരു തെറ്റ് ചെയ്തിട്ടില്ലെന്ന്. പക്ഷെ ആരും അതൊന്നും കേട്ടില്ലെന്നും അമ്മ പറഞ്ഞു.
തനിക്ക് വേണ്ടി മാത്രമല്ല, എല്ലാ അമ്മമാര്‍ക്കും വേണ്ടി കേസിന്റെ സത്യമെന്തായാലും പുറത്ത് വരണം, അതുകൊണ്ട് നിയമ പോരാട്ടം തുടരും. മകനെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നും അല്ലാതെ തന്റെ മകന്‍ അങ്ങനെ പറയില്ലെന്നും അമ്മ പറഞ്ഞു. മകനെ നേരത്തെയും ഭീഷണപ്പെടുത്തിയിരുന്നതായും അമ്മ പറഞ്ഞു.
തന്നെ കുടുക്കിയതാണെന്നും 2019ല്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അമ്മ പറഞ്ഞു. മൊബൈലില്‍ ഉണ്ടെന്ന് പറയുന്ന തെളിവിനെ സംബന്ധിച്ച് യാതൊന്നും അറിയില്ല. മൊബൈല്‍ പൊലീസ് സ്റ്റേഷനിലാണെന്നും ഇവര്‍ പറഞ്ഞു.
അധികവും മകനുമായാണ് സംസാരിച്ചിരുന്നത്. ഏത് വിധേനയും മകനെ തിരിച്ചെടുക്കുമെന്ന തരത്തില്‍ ഫോണില്‍ സംസാരിച്ചിരുന്നു. അവനെ തിരിച്ച് കൊണ്ടു പോകാന്‍ പല തവണ ശ്രമിച്ചിരുന്നതായും അമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസില്‍ ഹൈക്കോടതി പ്രതിസ്ഥാനത്തുള്ള അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ആഴത്തിലുള്ള ഒരു അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.
നിലവിലുള്ള സംഘം അന്വേഷണം നടത്തിയാല്‍ പോര. അന്വേഷണത്തിനായി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം രൂപീകരിക്കണം. വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി പറഞ്ഞിരുന്നു.
കടയ്ക്കാവൂരില്‍ അമ്മയ്‌ക്കെതിരായ പോക്‌സോ കേസില്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നും ഇത് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും അമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ജാമ്യഹരജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
അതേസമയം പൊലീസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്നായിരുന്നു അമ്മ കോടതിയില്‍ വാദിച്ചത്. പിതാവിന്റെ സമ്മര്‍ദ്ദത്തിലാണ് കുട്ടി തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് അമ്മ കോടതിയില്‍ പറഞ്ഞിരുന്നു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിസംബര്‍ 28 നാണ് അമ്മയെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക