Kerala News
പ്രശാന്തിനെ മേയര്‍ബ്രോ എന്നു വിളിക്കുന്നതില്‍ മുരളിക്ക് അസൂയ,വാറ്റുകാരുടെ ഡയറിയില്‍ പേരുണ്ടെന്ന ആരോപണം കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്ന് കുമ്മനത്തോട് കടകംപള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 06, 06:34 am
Sunday, 6th October 2019, 12:04 pm

തിരുവനന്തപുരം:വ്യാജമദ്യക്കേസ് പ്രതി മണിച്ചനുമായി തന്നെ ബന്ധപ്പെടുത്തി കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്താവനക്ക് മറുപടിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വാറ്റുകാരുടെ ഡയറിയില്‍ പേരുണ്ടെന്ന ആരോപണം കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നും കടകംപള്ളി പറഞ്ഞു.

ഇപ്പോള്‍ അക്കാര്യം ഉന്നയിക്കുന്നതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ തന്നെ വിലയിരുത്തട്ടെയെന്നും കടകംപള്ളി മനോരമന്യൂസിനോട് പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ മേയര്‍ ബ്രോ എന്നു വിളിക്കുന്നതില്‍ കെ.മുരളീധരന്‍ എം.പിക്ക് അസൂയയാണെന്നും കടകംപള്ളി പരിഹസിച്ചു. സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയോ ജില്ലാകമ്മിറ്റിയോ ചാര്‍ത്തികൊടുത്തതല്ല മേയര്‍ ബ്രോ എന്ന വിളി. പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തികൊണ്ട് ചില മാധ്യമങ്ങളും പൊതുസമൂഹവും ചാര്‍ത്തികൊടുത്തതാണ് ആ വിളിയെന്നും കടകംപള്ളി പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പ്രശാന്തിനെ അങ്ങനെ വിളിക്കുന്നതില്‍ മുരളീധരന്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല’ കടകംപള്ളി കൂട്ടിച്ചേര്‍ത്തു. വ്യാജമദ്യക്കേസുമായി ബന്ധപ്പെട്ട് കുമ്മനം നടത്തിയ പ്രസ്താവനയെ എങ്ങനെ നോക്കിക്കാണുന്നെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മറുപടിയില്ലെന്ന് കടകംപള്ളി പറഞ്ഞത്. കുമ്മനത്തെ പോലുള്ള ഉന്നതനായ ഒരു വ്യക്തി ഇത്തരത്തില്‍ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വട്ടിയൂര്‍ക്കാവില്‍ മേയര്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കടകംപള്ളിയുടെ കുബുദ്ധിയാണെന്നും അത്ര ആത്മവിശ്വാസമുണ്ടെങ്കില്‍ പ്രശാന്ത് മേയര്‍ സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്നും കുമ്മനം പറഞ്ഞിരുന്നു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം കടകംപള്ളിക്കെതിരെ രംഗത്തെത്തിയത്.